വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്.
ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ നടന്ന രണ്ട് വെടിവെയ്പ്പുകളിലായി ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ അവിടെനിന്നും മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ വിശദമാക്കുന്നത്.

ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്‌മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.


