നെതന്യാഹുവിനെതിരെ രൂക്ഷ വിമ‍‌‌‍ർശനവുമായി ഹമാസ്. സമാധാനശ്രമങ്ങൾക്ക് തുരങ്കം വച്ചുവെന്നും മേഖലയിലെ സുരക്ഷയും ബന്ദികളുടെ മോചനവും ഇസ്രായേലിന് വിഷയമല്ലെന്നും ഹമാസ് പറഞ്ഞു. 

ദോഹ: നെതന്യാഹുവിനെതിരെ രൂക്ഷ വിമ‍‌‌‍ർശനവുമായി ഹമാസ്. സമാധാനശ്രമങ്ങൾക്ക് തുരങ്കം വച്ചു. മേഖലയിലെ സുരക്ഷയും ബന്ദികളുടെ മോചനവും ഇസ്രായേലിന് വിഷയമല്ല. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഹമാസ്. ഇതിനിടെ, ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തർ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉന്നത നേതാക്കൾ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ ആറ് പേര്‍ മരിച്ചെന്നാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് തലവനടക്കം ആര് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.