ഹാൻ്റ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂയിസ് കപ്പൽ യാത്രക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവർത്തകർ. അർജൻ്റീനയിൽനിന്ന് യാത്ര പുറപ്പെട്ട കപ്പലിൽനിന്ന് 32 പേർ ഇടയ്ക്ക് ഇറങ്ങിയിരുന്നു.
നെതർലൻഡ്സ് ആസ്ഥാനമായ ക്രൂയിസ് കപ്പലിലെ ഹാൻ്റ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് യാത്ര അവസാനിപ്പിച്ചു കപ്പലിൽനിന്ന് ഇറങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകർ. കപ്പലിൽനിന്ന് ഇറങ്ങിയ യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. എം വി ഹോണ്ടിയസ് കപ്പലിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ മരണപ്പെട്ടിരുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാനുള്ള കാലയളവ് (ഇൻക്യുബേഷൻ പീരിഡ്) ആറാഴ്ച വരെ ആയതിനാൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കാനുള്ള സാധ്യത ലോകാരോഗ്യ സംഘടന തള്ളുന്നില്ല.

അർജൻ്റീനയിലെ ഉഷുവായയിൽനിന്ന് ഏപ്രിൽ ഒന്നിനാണ് ഓഷ്യൻവൈഡ് എക്സ്പെഡീഷൻസ് നടത്തിപ്പുകാരായ ക്രൂയിസ് കപ്പൽ യാത്ര തിരിച്ചത്. മെയ് 10ന് സ്പെയിനിലെ കാനറി ദ്വീപിൽ എത്തിച്ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. കപ്പൽ യാത്ര ആരംഭിക്കുമ്പോൾ, 150 യാത്രക്കാരും 61 ജീവനക്കാരുമായാണ് ഉണ്ടായിരുന്നത്. ഇവർ 28 രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഏപ്രിൽ 24ന് യുകെയുടെ മേൽനോട്ടത്തിലുള്ള സെൻ്റ് ഹെലീന ദീപിൽ 32 യാത്രക്കാർ ഇറങ്ങി.
ഓഷ്യൻവൈഡ് എക്സ്പെഡീഷൻസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, കപ്പലിൽ ഏറ്റവും കൂടുതൽ ഉള്ളത് ഫിലിപ്പീൻസ് പൗരന്മാരാണ്. യുകെ, യുഎസ്, നെതർലൻഡ്സ്, സ്പെയിൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കപ്പലിൽ ഉണ്ട്. ഇന്ത്യക്കാരായ രണ്ട് ജീവനക്കാരും കപ്പലിൽ ഉണ്ട്.
എലികളുടെ മൂത്രം, കാഷ്ടം, ഉമിനീര് എന്നിവയിൽ നിന്നുള്ള വൈറസ് കണികകൾ കലർന്ന വായു ശ്വസിക്കുന്നതിലൂടെ ആണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂർവമാണ്. കപ്പലിൽ ഉണ്ടായിരുന്ന പൗരന്മാരെ നിരീക്ഷിക്കുന്ന 12 ഓളം രാജ്യങ്ങളുമായി ലോകാരോഗ്യ സംഘടന ബന്ധപ്പെടുന്നുണ്ട്. ഇതിൽ കാനഡ, ഡെൻമാർക്ക്, ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. അതേസമയം ഹാൻ്റ വൈറസ് വ്യാപനം കൊവിഡ് പോലുള്ള മഹാമാരിയുടെ തുടക്കമല്ലെന്നും രോഗബാധിതരുമായി ഏറ്റവും അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗപ്പകർച്ച ഉണ്ടാകുകയുള്ളൂ എന്നും ഐക്യരാഷ്ട്ര സഭയിലെ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


