2021 മുതൽ 2023 വരെയുള്ള കാലത്ത് നടക്കാത്ത ശസ്ത്രക്രിയയുടെ പേരിൽ അമേരിക്കയിലെ വിവിധ സർക്കാർ പദ്ധതികളിൽ നിന്നാണ് ഇന്ത്യൻ വംശജനായ ഡോക്ടർ കോടികൾ തട്ടിയത്

ഹൂസ്റ്റൺ: ചെയ്യാത്ത ചികിത്സയുടെ പേരിൽ ഇന്ത്യൻ വംശജനായ ഡോക്ടർ തട്ടിയത് കോടികൾ. ഒടുവിൽ പണം തിരിച്ചടക്കാൻ 63കാരനായ ഡോക്ടർ. അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് സംഭവം. 2മില്യൺ യുഎസ് ഡോളർ (ഏകദേശം 17.4 കോടി രൂപ)യാണ് അജയ് അഗർവാൾ എന്ന ഇന്ത്യൻ വംശജനായ ഡോക്ടർ തിരിച്ച് നൽകേണ്ടത്. മെഡികെയർ പദ്ധതിയിൽ നിന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ വ‍‍ർക്കേഴ്ല് കോംപെൻസേഷൻ പദ്ധതിയിൽ നിന്നും 2021നും 2023നും ഇടയിലായി 2053515 ഡോളറാണ് തട്ടിയെടുത്ത്. നടക്കാത്ത ശസ്ത്രക്രിയയുടെ പേരിലായിരുന്നു തട്ടിപ്പ്. ടെക്സാസിലെ ബെല്ലെർ സിറ്റിയിലും ലേക്ക് ജാക്സൺ സിറ്റിയിലും വാൻ വ്ലെക്കിലും അനസ്തീഷ്യ വിദഗ്ധനായും പെയിൻ മെഡിസിൻ ഡോക്ടറായും ജോലി ചെയ്യുന്നതിനിടയിലാണ് ഇന്ത്യൻ വംശജൻ വൻ തട്ടിപ്പ് നടത്തിയത്. ദി പെയിൻ റിലീഫ് ആൻഡ് വെൽനെസ് സെന്റർ എന്ന ആശുപത്രി ഡോ. അജയ് അഗർവാൾ നടത്തുന്നുണ്ട്. യുഎസ് അറ്റോണി ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഒരു ബിസിനസ് സ്ഥാപനവും ഡോ. അജയ് അഗർവാൾ നടത്തുന്നുണ്ട്. ന്യൂറോസ്റ്റിമുലേറ്റർ ഇലക്ട്രോഡുകളുടെ ശസ്ത്രക്രിയാ ഇംപ്ലാന്റേഷനായി സർക്കാർ പണം നൽകിയ ആരോഗ്യ സംരക്ഷണ പരിപാടികൾക്കാണ് ഇന്ത്യൻ വംശജനായ ഡോക്ടർ ബിൽ നൽകിയതെന്നാണ് യുഎസ് അറ്റോണി ഓഫീസ് വിശദമാക്കുന്നത്. ഇവ സാധാരണയായി ഒരു ഓപ്പറേറ്റിംഗ് റൂം ഉപയോഗിച്ച് നടക്കേണ്ടിയിരുന്ന നടപടിക്രമങ്ങളാണ്.

മെഡികെയറും സർക്കാർ പദ്ധതികളും ധനസഹായം ചെയ്ത ആരോഗ്യ സംരക്ഷണ പരിപാടികളും ഓരോ നടപടിക്രമത്തിനും വലിയ രീതിയിലാണ് പണം തട്ടിപ്പ് നടത്തിയത്. ഒരിക്കൽ പോലും ചെയ്യുകയോ രോഗികൾ എത്തുകയോ ചെയ്യാതിരുന്ന നടപടി ക്രമങ്ങൾ പോലും നടന്നുവെന്ന് കാണിച്ചായിരുന്നു ഇന്ത്യൻ വംശജൻ സ‍ർക്കാരിൽ നിന്ന് പണം തട്ടിയത്. ന്യൂറോസ്റ്റിമുലേറ്റർ ഇലക്ട്രോഡുകളുടെ സഹായത്തോടുള്ള നടപടി ക്രമങ്ങൾ എന്ന പേരിൽ രോഗികൾ ചെയ്തത് അക്യുപങ്ചർ ചികിത്സയും ആയിരുന്നു. ഇവയൊന്നും തന്നെ ശസത്രക്രിയയ്ക്ക് സമാനമായ ചെലവ് വരുന്നവയോ ശസ്ത്രക്രിയാ ഉപകരണങ്ങൾ വേണ്ടിയവയോ ആയിരുന്നില്ല.

അജയ് അഗ‍ർവാളിന്റെ ക്ലിനിക്കിൽ തന്നെ നടന്ന നടപടി ക്രമങ്ങൾ ശസ്ത്രക്രിയാ കേന്ദ്രത്തിൽ നടന്നുവെന്നും കാണിച്ചായിരുന്നു പണം തട്ടിപ്പ്. വളരെ തന്ത്രപരമായി നികുതി ദായകരെ ഡോക്ടർ വഞ്ചിച്ചുവെന്നാണ് യുഎസ് അറ്റോണി വിശദമാക്കിയത്. കഴിഞ്ഞ മാസമാണ് വലിയ രീതിയിൽ പണം സർക്കാർ പദ്ധതികളിൽ നിന്ന് തട്ടിയതായി ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റസമ്മതം നടത്തിയത്. മറ്റൊരു സംഭവത്തിൽ ഓവ‍ർ ഡോസ് മരുന്നുകൾ മൂലം രണ്ട് രോഗികൾ മരിച്ചതിൽ ഇന്ത്യൻ വംശജനായ ഡോക്ട‍‍ർ കുറ്റസമ്മതം നടത്തിയിരുന്നു. സഞ്ജയ് മെഹ്ത എന്ന ഡോക്ടറാണ് തെറ്റായ കുറിപ്പടികൾ നൽകി രോഗികളെ മരണത്തിലേക്ക് തള്ളിയിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം