സൗദി അറേബ്യയിലെ ചിലയിടങ്ങളിൽ ഈയാഴ്ച താപനില 47 ഡിഗ്രി വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും മദീനയിലും ഉഷ്ണതരംഗത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മക്ക ഉൾപ്പെടെയുള്ള ചില തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിയാദ്: സൗദി അറേബ്യയിലെ ചിലയിടങ്ങളിൽ ഈയാഴ്ച ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകും. മദീനയിലെ തീരപ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സിവിൽ ഡിഫൻസും മറ്റ് അധികൃതരും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും മദീനയുടെ ചില ഭാഗങ്ങളിലും കടുത്ത ചൂടിനൊപ്പം ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷം വരണ്ടതാകാനും പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് വീശാനും ഇടയുണ്ട്. പൊടിക്കാറ്റ് മൂലം റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഉപരിതല കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. വടക്കൻ അതിർത്തി പ്രവിശ്യകൾ, അൽ ജൗഫ്, തബൂക്ക്, മക്ക, റിയാദ് എന്നീ മേഖലകളിലാണ് കാറ്റിന് സാധ്യതയുള്ളത്. അതേസമയം, മക്കയിലെ ഉയർന്ന പ്രദേശങ്ങളിലും ജിസാൻ, അസീർ, അൽ ബഹ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.


