പ്രമുഖ മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉഗാണ്ടൻ സൈനിക മേധാവിയുടെ നിർദേശം. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സൈനിക മേധാവി മുഹൂസി കൈനെരുഗാബ എക്സിലൂടെ നിർദേശം നൽകിയത്.
കമ്പാല: ഉഗാണ്ടയിൽ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സൈനിക മേധാവി മുഹൂസി കൈനെരുഗാബയുടെ നിർദേശം. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും മാധ്യമപ്രവർത്തകർ സർക്കാർ അനുഭാവികളുടെ മാർഗനിർദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നമുള്ള വിചിത്ര വാദം ഉന്നയിച്ചാണ് ഉഗാണ്ടൻ പ്രസിഡൻ്റ് യോവേരി മുസെവെനിയുടെ മകൻ കൂടിയായ മുഹൂസി കൈനെരുഗാബയുടെ നിർദേശം. ഉഗാണ്ടൻ മാധ്യമങ്ങളായ 'ഡെയ്‍ലി മോണിറ്റർ', 'എൻടിവി ഉഗാണ്ട', 'കെഎഫ്എം', 'ഡെമ്പേ എഫ്എം' എന്നീ മാധ്യമങ്ങൾക്കാണ് വിലക്ക്.
ഉഗാണ്ടയിലെ ഏറ്റവും വലിയ ദിനപത്രമാണ് 'ഡെയ്‍ലി മോണിറ്റർ'. 'എൻടിവി ഉഗാണ്ട' രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പ്രക്ഷേപകരാണ്. ഇരു മാധ്യമങ്ങളും തൻ്റെ അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് മുഹൂസി കൈനെരുഗാബ നിർദേശിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റുകളിലാണ് മുഹൂസി കൈനെരുഗാബ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ മാധ്യമ വിലക്കിന് പിന്നിലുള്ള കാരണം സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.
നേഷൻ മീഡിയ ഗ്രൂപ്പിന് കീഴിലാണ് കെഎഫ്എം, ഡെമ്പേ എഫ്എം എന്നീ റേഡിയോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. തലസ്ഥാനമായ കമ്പാലയിലെ നേഷൻ മീഡിയ ഗ്രൂപ്പ് ആസ്ഥാനത്തിൻ്റെ പരിസരങ്ങളിൽ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ, ജീവനക്കാരെ പുറത്തേക്ക് പോകാനോ അകത്തേക്ക് പ്രവേശിക്കാനോ അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. എൻടിഎ ഉഗാണ്ടയും മറ്റ് ചാനലുകളും റേഡിയോ പ്രക്ഷേപകരും ഞായറാഴ്ച രാവിലെ പ്രവർത്തനം നിർത്തിവെച്ചു.
1986 മുതൽ ഉഗാണ്ട ഭരിക്കുന്ന പ്രസിഡൻ്റ് യോവേരി മുസെവെനിൻ്റെ പിൻഗാമിയാകുമെന്ന് കരുതുന്ന മുഹൂസി കൈനെരുഗാബ, സോഷ്യൽ മീഡിയയിലെ വിവാദനായകനാണ്. പ്രതിപക്ഷ നേതാവ് ബോബി വൈൻ്റെ തലവെട്ടുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയത് വിവാദമായിരുന്നു. നേരത്തെ, 2013ലും ഡെയ്‍ലി മോണിറ്റർ ദിനപത്രത്തിന് സർക്കാർ 10 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.


