പശ്ചിമേഷ്യയിലെ സംഘർഷത്തിന് ചർച്ചയിലൂടെ അവസാനം കണ്ടെത്താനാകുമെന്ന വിലയിരുത്തലിലാണ് വാൻസിന്റെ യാത്ര. അമേരിക്കയെ കബളിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ അതിന് വഴങ്ങില്ലെന്ന കർശന മുന്നറിയിപ്പും വാൻസ് മുന്നോട്ട് വച്ചിട്ടുണ്ട്.
കറാച്ചി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായുള്ള ഉന്നതതല അമേരിക്കൻ സംഘത്തെ നയിക്കാൻ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക്. ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഫലം പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നുവെന്നുമാണ് ജെ ഡി വാൻസ് പാക് യാത്രയ്ക്ക് മുന്നോടിയായി വിശദമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ചർച്ചയിലൂടെ അവസാനം കണ്ടെത്താനാകുമെന്ന വിലയിരുത്തലിലാണ് വാൻസിന്റെ യാത്ര. അമേരിക്കയെ കബളിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ അതിന് വഴങ്ങില്ലെന്ന കർശന മുന്നറിയിപ്പും വാൻസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാൻ ആത്മാർത്ഥമായി ചർച്ചകൾക്ക് തയ്യാറാണെങ്കിൽ സഹകരിക്കാൻ തങ്ങളും തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് നൽകിയ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ചർച്ചകൾ മുന്നോട്ട് പോകുകയെന്ന് വാൻസ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന് ഒരു അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയതന്ത്ര നീക്കം നടക്കുന്നത്. വാഷിംഗ്ടണിലും ടെഹ്റാനിനും ഇടയിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും നിർണായക ചർച്ചയാണ് ഇസ്ലാമബാദിൽ നടക്കുക. മേഖലയിലെ അസ്ഥിരമായ വെടിനിർത്തലിനെ മാത്രമല്ല, മറിച്ച് പശ്ചിമേഷ്യയുടെ മൊത്തത്തിലുള്ള സുസ്ഥിരതയെത്തന്നെ സ്വാധീനിക്കാൻ ശേഷിയുള്ള ചർച്ചകൾ ലക്ഷ്യമിട്ടാണ് വാൻസിന്റെ യാത്ര. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ തുടങ്ങിയ മുതിർന്ന നേതാക്കളും ഇറാനുമായുള്ള ചർച്ചയ്ക്കായുള്ള ഉന്നത തല സംഘത്തിലുണ്ട്.
വരാനിരിക്കുന്ന ചർച്ചകളുടെ ഘടനയെക്കുറിച്ച് വൈറ്റ് ഹൗസ് വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നേരിട്ടാണോ അതോ പരോക്ഷമായാണോ നടക്കുക എന്ന കാര്യത്തിലും, ചർച്ചകളിൽ നിന്ന് പ്രതീക്ഷിക്കുന്ന കൃത്യമായ ഫലങ്ങളെക്കുറിച്ചും വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എങ്കിലും, ജെ.ഡി. വാൻസിന്റെ ഇസ്ലാമാബാദിലേക്കുള്ള വരവ് വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ഉന്നതതല ഇടപെടലിലെ സുപ്രധാനവുമായ സംഭവമായാണ് വിലയിരുത്തുന്നത്.


