കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണൾഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങൾ തന്നെ സ്ഥാപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ വിന്യസിച്ചത്. എന്നാൽ ഇവ ശാസ്ത്രീയമായ രീതിയിലല്ല സ്ഥാപിച്ചതെന്നും പല മൈനുകളും ഒഴുക്കിൽപ്പെട്ട് സ്ഥാനം മാറിയതായാണ് വിലയിരുത്തൽ. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണൾഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികൾ കണക്കിലെടുത്ത് മാത്രമേ കടലിടുക്ക് തുറക്കാനാകൂ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകൾ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൈനുകൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരിക്കുന്ന ഇറാൻ യുഎസ് സമാധാന ചർച്ചകളിൽ ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 70 അംഗ പ്രതിനിധി സംഘമാണ് ഇറാനെ പ്രതിനിധീകരിച്ച് പാകിസ്ഥാനിലെത്തിയിട്ടുള്ളത്. മൈനുകളുടെ സാന്നിധ്യം കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയായതിനാൽ ആഗോള എണ്ണവിലയെയും ഇത് ബാധിച്ചേക്കാം.
നിലവിൽ ചുങ്കം നൽകുന്ന കപ്പലുകൾക്ക് മാത്രമായി ഇറാൻ ഒരു ഇടുങ്ങിയ പാത തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ മൈനുകളുടെ സ്ഥാനം വ്യക്തമല്ലാത്തതിനാൽ ഇതിലൂടെയുള്ള യാത്രയും പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരണമില്ല. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങൾക്ക് പോലും ഈ മൈനുകൾ കണ്ടെത്തുക പ്രയാസകരമായ സാഹചര്യത്തിൽ, ഗതാഗതം പുനസ്ഥാപിക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.


