സോഷ്യൽ മീഡിയയിൽ വൈറലായ '75 ഹാർഡ്' ചലഞ്ചിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ അത് എല്ലാവർക്കും പ്രായോഗികമാകണമെന്നില്ല. അവിടെയാണ് '75 സോഫ്റ്റ് ചലഞ്ച്' ശ്രദ്ധേയമാകുന്നത്. ഈ പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡിനെക്കുറിച്ച് കൂടുതൽ അറിയാം.
ആരോഗ്യകരമായ മാറ്റങ്ങൾ ആഗ്രഹമുണ്ടെങ്കിലും കഠിനമായ ഡയറ്റും വ്യായാമവും കണ്ട് പിൻവാങ്ങുന്നവർക്കായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് '75 സോഫ്റ്റ് ചലഞ്ച്'. 75 ദിവസം തുടർച്ചയായി ചില ലളിതമായ ശീലങ്ങൾ പിന്തുടരുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
എന്താണ് 75 സോഫ്റ്റ് ചലഞ്ച്?
അമിത സമ്മർദ്ദമില്ലാതെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഫിറ്റ്നസ് പ്രോഗ്രാമാണിത്. 75 ഹാർഡ് ചലഞ്ചിൽ ഒരു ദിവസം ഒരു നിയമം തെറ്റിച്ചാൽ പോലും ആദ്യ ദിവസം മുതൽ വീണ്ടും തുടങ്ങണം. എന്നാൽ 75 സോഫ്റ്റ് ചലഞ്ചിൽ അത്തരം കടുത്ത നിയമങ്ങളില്ല. ഇത് കൂടുതൽ 'റിയലിസ്റ്റിക്' ആയ ഒന്നാണെന്ന് ആളുകൾ വിലയിരുത്തുന്നു.
പാലിക്കേണ്ട 4 പ്രധാന നിയമങ്ങൾ
- ആരോഗ്യകരമായ ഭക്ഷണം : ഏതെങ്കിലും പ്രത്യേക ഡയറ്റ് പിന്തുടരണമെന്നില്ല. പകരം, പോഷകഗുണമുള്ള ഭക്ഷണങ്ങൾ ശീലിക്കുക. മദ്യം ഒഴിവാക്കുകയോ അല്ലെങ്കിൽ സോഷ്യൽ ഒക്കേഷനുകളിൽ മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യാം. 'ചീറ്റ് മീൽസ്' പൂർണ്ണമായും ഒഴിവാക്കണമെന്ന നിർബന്ധമില്ല.
- ദിവസവും 45 മിനിറ്റ് വ്യായാമം: ദിവസവും 45 മിനിറ്റ് ശരീരം അനങ്ങുന്ന ഏതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടണം. അത് നടത്തമോ, യോഗയോ, ജിമ്മിലെ വ്യായാമമോ ആകാം. ആഴ്ചയിൽ ഒരു ദിവസം 'ആക്ടീവ് റിക്കവറി'ക്കായി മാറ്റിവെക്കാം .
- 3 ലിറ്റർ വെള്ളം കുടിക്കുക: ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും ഊർജ്ജസ്വലത നിലനിർത്താനും ദിവസവും കൃത്യമായി 3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ദിവസവും 10 പേജ് വായിക്കുക: മൊബൈൽ ഫോണിന് പുറത്തുള്ള ലോകത്തേക്ക് ശ്രദ്ധ തിരിക്കാൻ ഏതെങ്കിലും പുസ്തകത്തിന്റെ 10 പേജുകൾ ദിവസവും വായിക്കുക. ഇത് ഫിക്ഷനോ നോൺ-ഫിക്ഷനോ ആകാം.
ഇത് പ്രായോഗികമാണോ എന്ന ചോദ്യത്തിന് 75 ഹാർഡ് ചലഞ്ചിനെ അപേക്ഷിച്ച് ഇത് ആർക്കും പരീക്ഷിക്കാവുന്നതാണെന്നാണ് ഫിറ്റ്നസ് പാഠനങ്ങൾ പറയുന്നത്. ജോലിത്തിരക്കുള്ളവർക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും തങ്ങളുടെ സമയത്തിനനുസരിച്ച് ഇത് ക്രമീകരിക്കാം. കഠിനമായ ലക്ഷ്യങ്ങളേക്കാൾ, ചെറിയ മാറ്റങ്ങൾ ദീർഘകാലം പിന്തുടരുന്നത് ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. വ്യായാമത്തോടൊപ്പം വായനയും ഭക്ഷണക്രമീകരണവും ചേരുമ്പോൾ മാനസികമായ ഉന്മേഷവും ലഭിക്കുന്നു.
ഫിറ്റ്നസ് യാത്ര തുടങ്ങാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് 75 സോഫ്റ്റ് ചലഞ്ച് എന്നാണ് പഠനങ്ങൾ പറയുന്നത്. കഠിനമായ നിയമങ്ങൾ ഇല്ലാത്തതിനാൽ പകുതിക്ക് വെച്ച് നിർത്തിപ്പോകാനുള്ള സാധ്യതയും കുറവാണ്. ചുരുക്കത്തിൽ, നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സ്നേഹിച്ചു കൊണ്ട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 75 സോഫ്റ്റ് ചലഞ്ച് നിങ്ങൾക്ക് ഇന്ന് തന്നെ ആരംഭിക്കാം.
ഓർക്കുക: ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഒരു വിദഗ്ധ ഡോക്ടറുടെയോ ഫിറ്റ്നസ് ട്രെയിനറുടെയോ നിർദ്ദേശം തേടിയ ശേഷം മാത്രം ഇത്തരം ചലഞ്ചുകൾ ആരംഭിക്കുക.


