മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 59 ആയി ഉയർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.
ടെക്സസ്: അമേരിക്കയിലെ മധ്യ ടെക്സസിൽ മിന്നൽ പ്രളയത്തെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കം തുടരുന്നു. ദുരന്തത്തിൽ മിനിറ്റുകൾക്കകം ഭൂമി വെള്ളം വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളിൽ 26 അടിയിലധികമാണ് ഉയർന്നത്. ഇത് സ്ഥിതി അതീവ ഗുരുതരമാക്കി. പ്രദേശങ്ങളിൽ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ ഇപ്പോഴും നിലവിലുണ്ട്.
ദുരന്തത്തിൽ ഇതുവരെ 59 പേർ മരിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. കൂടുതൽ പേരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് ടെക്സസിലെ കെർ കൗണ്ടിയിലാണ്. ഇവിടെ 15 കുട്ടികളടക്കം 43 പേർ മരിച്ചു. ട്രാവിസ് കൗണ്ടിയിൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. "ഇന്നും കനത്ത മഴ തുടരുകയാണ്, കൂടുതൽ പേരെ നഷ്ടമായി. മരണസംഖ്യ ഇപ്പോൾ 59 ആയി. ഇത് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് പ്രതികരിച്ചത്.
കെർ കൗണ്ടിയിലെ ക്രിസ്ത്യൻ ക്യാമ്പിൽ ദുരന്തം
കെർ കൗണ്ടിയിലെ ഒരു ക്രിസ്ത്യൻ പെൺകുട്ടികളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോൾ വൻനാശമാണ് ഉണ്ടായത്. നൂറുകണക്കിന് പേർ താമസിച്ചിരുന്ന ഈ ക്യാമ്പിൽ നിരവധി കുടുംബങ്ങൾ ട്രെയിലർ വീടുകൾക്കുള്ളിൽ കുടുങ്ങുകയും ആളുകൾ വെള്ളത്തിൽ ഒഴുകിപ്പോകുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം ക്യാമ്പംഗങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
തെരച്ചിൽ പ്രവർത്തനങ്ങൾ നിര്‍ത്താതെ തുടരുകയാണെന്നും, കൂടുതൽ പേരെ ജീവനോടെ കണ്ടെത്താനുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ടെക്സസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി മാനേജ്‌മെൻ്റ് മേധാവി നിം കിഡ്ഡിൻ്റെ നേതൃത്വത്തിൽ വ്യോമ, കര, ജലമാർഗ്ഗങ്ങളിലൂടെയുള്ള സംഘങ്ങൾ ഗുവാഡലൂപ്പ് നദിയുടെ തീരങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. കാണാതായവരെ കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുവരുന്ന വീഡിയോകളിൽ ഭീകര കാഴ്ചകളാണുള്ളത്. വീടുകൾ നിന്നിരുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് തറകൾ മാത്രം ബാക്കിയായിരിക്കുന്നു. പുഴയുടെ തീരങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നു. രക്ഷാപ്രവർത്തകർ വീടുകളുടെ മേൽക്കൂരകളിൽ നിന്നും മരങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നു. വീടുകളും കാറുകളും ഒഴുകി നടക്കുന്നതും പലയിടത്തായി കെട്ടിടാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും ദൃശ്യങ്ങളിലുണ്ട്.ശനിയാഴ്ച കെർവില്ലെയിൽ, സാധാരണയായി ശാന്തമായ ഗുവാഡലൂപ്പ് നദി അതിവേഗത്തിൽ ഒഴുകി. ചെളിവെള്ളം കാറും വീടും അടക്കമുള്ളവയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരുന്നു.
അതേസമയം, കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. അമിതമായ ഒഴുക്ക് നദികളിലും തോടുകളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായേക്കാം എന്നും മുന്നറിയിപ്പിൽ പറയുന്നു. മണ്ണ് മഴവെള്ളം വലിച്ചെടുക്കാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഫ്ലാഷ് ഫ്ലഡുകൾ അസാധാരണമല്ല. എന്നാൽ സമീപ വർഷങ്ങളിൽ, മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ പതിവാക്കുകയും തീവ്രമാക്കുകയും ചെയ്തുവെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
