ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂത്തികൾ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 'പ്രത്യേക ഓപ്പറേഷൻ' ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉൾപ്പെടെയുള്ള സൗദിയിലെ ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കി.
സന: യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി. ഹൊദൈത തുറമുഖം ആക്രമിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തകർക്കുകയായിരുന്നു ലക്ഷ്യമെന്നും സനയിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായും സൗദി സഖ്യ സേന വ്യക്തമാക്കി. അദ, തായ്സ് മേഖലകളിലും വ്യോമക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടൽ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സാധാരണക്കാരോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സൗദി സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂത്തികൾ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 'പ്രത്യേക ഓപ്പറേഷൻ' ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈൽ-ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകർത്തതായും സഖ്യസേന വ്യക്തമാക്കി. കൂടാതെ സൗദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉൾപ്പെടെയുള്ള സൗദിയിലെ ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കി. ഹൊദൈദ തുറമുഖം ആക്രമിച്ചാൽ ജിദ്ദ ഉൾപ്പെടെ ചെങ്കടൽ തീരത്തുള്ള എല്ലാ സൗദി തുറമുഖങ്ങളും ആക്രമിക്കുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി എക്സിലൂടെ മുന്നറിയിപ്പ് നൽകി. സൗദി തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടൻ ഒഴിഞ്ഞുപോകണമെന്നും കപ്പൽ കമ്പനികൾ തങ്ങളുടെ കപ്പലുകൾ അവിടെനിന്ന് മാറ്റണമെന്നും യഹ്യ സാരി ആവശ്യപ്പെട്ടു.















