റഷ്യയ്‌ക്കെതിരെ യുദ്ധം തുടരുന്ന യുക്രൈന്‍ രംഗത്തിറക്കുന്നത് ഇതുവരെ കാണാത്ത യുദ്ധമുറകള്‍. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും ആക്രമണം നടത്താനും റോബോട്ടുകളെയും കരയില്‍ സഞ്ചരിക്കുന്ന ഡ്രോണുകളെയുമാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്.
യന്ത്രത്തോക്കേന്തിയ റോബോട്ടുകള്‍, കരയിലൂടെ പാഞ്ഞുനടന്ന് ആക്രമണം നടത്തുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കരഡ്രോണുകള്‍. റഷ്യയ്‌ക്കെതിരെ യുദ്ധം തുടരുന്ന യുക്രൈന്‍ രംഗത്തിറക്കുന്നത് ഇതുവരെ കാണാത്ത യുദ്ധമുറകള്‍. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും ആക്രമണം നടത്താനും റോബോട്ടുകളെയും കരയില്‍ സഞ്ചരിക്കുന്ന ഡ്രോണുകളെയുമാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്.
ലാന്‍ഡ് റോബോട്ടുകളും ഡ്രോണുകളും മാത്രം ഉപയോഗിച്ച് ഒരു പ്രദേശം പ്രദേശം പിടിച്ചെടുത്തതായി ഈയടുത്ത് യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. കരയിലെ റോബോട്ടിക് ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നമൂന്നാം സെപ്പറേറ്റ് അസാള്‍ട്ട് ബ്രിഗേഡിലെ എന്‍സി 13 യൂണിറ്റാണ് ഈ ആക്രമണം നടത്തിയത്. കാലാള്‍പ്പടയുടെ സഹായമില്ലാതെ, കരറോബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് ഒരു ശത്രുതാവളം ആക്രമിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്ത ആദ്യ സംഭവമാണിതെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യുക്രൈനിലെ യുദ്ധക്കളങ്ങളില്‍ ഡ്രോണുകളുടെ ഉപയോഗം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിന്റെ തുടര്‍ച്ചയായാണ്, കാലാള്‍പ്പടയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ലാന്‍ഡ് ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ചക്രങ്ങളിലോ ട്രാക്കുകളിലോ ഓടുന്ന റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങളാണ് ലാന്‍ഡ് ഡ്രോണുകള്‍. തുടക്കത്തില്‍ പരിക്കേറ്റവരെ മാറ്റുന്നതിനും സൈനികര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമാണ് ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴിത് ആക്രമണ, പ്രതിരോധ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.
ലാന്‍ഡ് ഡ്രോണുകള്‍ കണ്ടെത്താനോ തടയാനോ പ്രയാസമാണ്. ആകാശത്തിലൂടെ പറക്കുന്ന ഡ്രോണുകളെ അപേക്ഷിച്ച്, ഏത് കാലാവസ്ഥയിലും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വലിയ തോതില്‍ ആയുധശേഖരം വഹിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഇവയ്ക്ക് ഈടുനില്‍പ്പും ബാറ്ററി ആയുസ്സും കൂടുതലാണ്.
കരയിലൂടെ ഓടിനടന്ന യന്ത്രത്തോക്കുകളുമായി യുദ്ധം ചെയ്യാന്‍ ശേഷിയുള്ളവയാണ് ലാന്‍ഡ് റോബോട്ടിക് സിസ്റ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം മെഷീന്‍ ഗണ്‍ ഘടിപ്പിച്ച ഒരു ലാന്‍ഡ് റോബോട്ട് 45 ദിവസത്തോളം റഷ്യന്‍ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തിയതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. ഈ കാലയളവില്‍ ചെറിയ അറ്റകുറ്റപ്പണികളും രണ്ട് ദിവസത്തിലൊരിക്കലുള്ള ബാറ്ററി റീചാര്‍ജിംഗും മാത്രമാണ് ആവശ്യമായി വന്നത്.
റഷ്യയുടെ വമ്പന്‍ സൈനികബലം മറികടക്കാന്‍ ആളുകള്‍ക്ക് പകരം, കൂടുതല്‍ യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് യുക്രൈന്‍ പദ്ധതിയിടുന്നത്. കാലാള്‍പ്പടയുടെ മൂന്നിലൊന്ന് ഡ്രോണുകളും റോബോട്ടുകളും ഉപയോഗിക്കാനാണ് പദ്ധതി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡ്രോണുകളും റോബോട്ടുകളും 22,000-ത്തിലധികം ദൗത്യങ്ങള്‍ നിര്‍വഹിച്ചതായി പ്രസിഡന്റ് സെലെന്‍സ്‌കി അവകാശപ്പെട്ടിരുന്നു. നാല് വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിലൂടെ യുക്രൈന്‍ യുദ്ധക്കളത്തിലെ ഡ്രോണ്‍ -റോബോട്ട് സംവിധാനങ്ങളില്‍ മുന്നിലെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയായിരുന്ന മൈഖൈലോ ഫെഡോറോവിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെ ഇത്തരം യുദ്ധരീതികള്‍ക്ക് കൂടുതല്‍ ്രപാധാന്യം കൈവന്നിട്ടുണ്ട്.
സാങ്കേതികവിദ്യയിലും വിവരശേഖരണത്തിലും (Data) അധിഷ്ഠിതമാണ് ഈ യുദ്ധമുറ. ഡ്രോണ്‍ വികസന-നിര്‍മ്മാണ പദ്ധതികളില്‍ നൂറുകണക്കിന് കമ്പനികള്‍ പങ്കാളികളാകുന്നുണ്ട്. പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ഈ യുദ്ധരീതി. തത്സമയ വിവരങ്ങള്‍ ഉപയോഗിച്ച് ആകാശത്തുനിന്നുള്ള ഓരോ ഭീഷണിയും തിരിച്ചറിയുക, മിസൈലുകളും ഡ്രോണുകളും തടയുക എന്നിവയാണ് പ്രധാന ലക്ഷ്യം.


