ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, സൗദി അറേബ്യ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്നും രാജ്യത്ത് എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും പൗരന്മാർക്ക് ഇവിടങ്ങളിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. രോഗവ്യാപന സാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്ക് പ്രവേശിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, മറ്റ് രാജ്യങ്ങൾ വഴി വരുന്നവരാണെങ്കിലും സൗദിയിൽ എത്തുന്നതിന് തൊട്ടുമുമ്പുള്ള 21 ദിവസത്തിനിടെ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സന്ദർശനം നടത്തുകയോ താമസിക്കുകയോ ചെയ്തവർക്കും പ്രവേശന വിലക്ക് ബാധകമായിരിക്കും.
സൗദിയിലെ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും ആഗോള ആരോഗ്യ സുരക്ഷയ്ക്ക് സംഭാവന നൽകുന്നതിനുമായി രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധപ്പെട്ട കക്ഷികളുമായി ചേർന്ന് നിരീക്ഷണ-പ്രതികരണ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ അതോറിറ്റി അറിയിച്ചു. നേരത്തെ തന്നെ രോഗബാധ റിപ്പോർട്ട് ചെയ്ത അയൽരാജ്യങ്ങളായ റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ (ബ്രാസാവില്ലെ) എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കായി അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ പരിശോധനാ നടപടിക്രമങ്ങളും ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും സൗദി കർശനമാക്കിയിരുന്നു.
നിലവിൽ രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’ വ്യക്തമാക്കി. പുതിയ മുൻകരുതൽ നടപടികൾ നടപ്പാക്കിയതിനുശേഷം സൗദിയിൽ എബോള സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങൾ പകരുന്നത് തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സ്വീകരിക്കുന്ന സാധാരണ മുൻകരുതൽ നടപടി മാത്രമാണിതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
രാജ്യാന്തര തലത്തിലും പ്രാദേശിക തലത്തിലും പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ ശിപാർശകൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നൽകുമെന്നും വിഖായ വ്യക്തമാക്കി.


