കൊടുങ്കാറ്റിലേക്ക് വിമാനത്തിലൂടെ വിക്ഷേപിച്ച ഡ്രോപ്സോണ്ട്സ് എന്ന ചെറു പാരച്യൂട്ടുകളിൽ നിന്നാണ് മെലിസയുടെ വേഗം കൃത്യമായി അളന്നത്

കിങ്സ്റ്റൺ: കരീബിയൻ തീരത്ത് കനത്ത നാശം വിതച്ച മെലിസ ചുഴലിക്കൊടുംകാറ്റ് എത്തിയത് റെക്കോർഡ് വേഗത്തിലെന്ന് വ്യക്തമാക്കി കണക്കുകൾ. ചുഴലിക്കാറ്റുകളുടെ വേഗതയിൽ പുതിയ റെക്കോർഡുമായാണ് മെലിസ കഴിഞ്ഞ മാസം കരീബിയൻ തീരത്ത് എത്തിയത്. യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ നാഷണൽ സെൻറർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ മണിക്കൂറിൽ 252 മൈൽ വേഗമായിരുന്നു മെലിസയ്ക്കുണ്ടായിരുന്നത്. കൊടുങ്കാറ്റിലേക്ക് വിമാനത്തിലൂടെ വിക്ഷേപിച്ച ഡ്രോപ്സോണ്ട്സ് എന്ന ചെറു പാരച്യൂട്ടുകളിൽ നിന്നാണ് മെലിസയുടെ വേഗം കൃത്യമായി അളന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകളും കാലാവസ്ഥാ പ്രവചനത്തിനുമാണ് ഈ ചെറുപാരച്യൂട്ടുകൾ ഉപയോഗിക്കാറുള്ളത്. കൊടുങ്കാറ്റുകൾ സമുദ്രോപരിതലത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കുന്നത് മാത്രമാണ് കരയിൽ ഇവ സൃഷ്ടിക്കുന്ന നാശ നഷ്ടത്തേക്കുറിച്ചുള്ള സൂചന ലഭിക്കാനാവൂ. കരീബിയൻ തീരം തൊടും മുൻപാണ് മെലിസ റെക്കോർഡ് വേഗത്തിലെത്തിയത്.

കണക്കുകൾ കൃത്യമാകുന്നത് പൈലറ്റുമാരുടെ അതീവ സാഹസികതയിൽ 

കാറ്റഗറി 4, 5 ൽ ഉള്ള ചുഴലികൾക്ക് സമീപത്ത് ചെന്ന് പാരച്യൂട്ടുകൾ ഇടാനായാൻ മാത്രമാണ് ഇത് കൃത്യമായി വിശകലനം ചെയ്യാനും സാധ്യമാകൂ. അതിനാൽ തന്നെ ചുഴലിക്കാറ്റിലേക്ക് ചെറുപാരച്യൂട്ടുകളെ വിക്ഷേപിക്കുന്നത് അതീവ ദുർഘടമായ പ്രവർത്തിയാണ്. മെലിസയിലേക്ക് ഇത്തരത്തിൽ വിക്ഷേപിച്ച ചെറുപാരച്യൂട്ട് മണിക്കൂറിൽ 252 മൈൽ വേഗമാണ് റെക്കോർഡ് ചെയ്തത്. ഇത്തരത്തിൽ ഡ്രോപ്സോണ്ടേ റെക്കോർഡ് ചെയ്യുന്ന ഏറ്റവും ഉയർന്ന വേഗമാണ് ഇതെന്നാണ് ഗവേഷകർ സ്ഥിരീകരിക്കുന്നത്. 405 കിലോമീറ്ററോളമാണ് മെലിസയുടെ വേഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വേഗത സാധ്യമാണ് എന്നാണ് ഡാറ്റകൾ വിലയിരുത്തി യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ നാഷണൽ സെൻറർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിലെ വിദഗ്ധർ വിശദമാക്കുന്നത്. 2010ൽ വീശിയടിച്ച മേഗി കൊടുങ്കാറ്റിന് 242 മൈൽ വേഗതയാണ് മണിക്കൂറിലുണ്ടായിരുന്നത്.

കത്രീന ഇതിലും വേഗതയുണ്ടെന്ന് നിരീക്ഷപ്പെടുന്നുവെങ്കിലും ലഭ്യമായ കണക്കുകളിൽ സാരമായ തകരാറുകൾ നേരിട്ടിരുന്നു. ഒക്ടോബർ അവസാനത്തിൽ കരീബിയൻ തീരത്ത് വീശിയടിച്ച മെലിസയിൽ ക്യൂബ, ജമൈക്ക, ബഹാമാസ്, ഡൊമിനിക്കൻ റിപ്പബ്ലിക് ആൻഡ് ഹെയ്തി എന്നിവിടങ്ങളിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ സ്റ്റോം ഓഫ് ദ സെഞ്ച്വറി എന്നാണ് വേൾഡ് മെറ്റ്യീരോളജിക്കൽ ഓർഗനൈസേഷൻ തന്നെ മെലിസയെ വിശേഷിപ്പിച്ചത്. ഇത്തരത്തിൽ ചുഴലിക്കാറ്റുകൾ അതിവേഗം ശക്തിപ്രാപിക്കുന്നത് ആഗോള താപനം ഒരു കാരണമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം