ഗർഭപാത്രമുള്ളവരാണ് സ്ത്രീകൾ എന്ന് എക്സിൽ പോസ്റ്റിട്ട് എലോൺ മസ്‌ക്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മകളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മസ്കിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
സ്ത്രീത്വത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവച്ചതിന് പിന്നാലെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക്. സ്ത്രീ എന്ന വിഭാഗം പൂർണ്ണമായും നിർവചിക്കപ്പെട്ടിരിക്കുന്നത് ജീവശാസ്ത്രത്തിലൂടെയാണെന്നും, പ്രത്യേകിച്ച് ഗർഭാശയത്തിന്റെ സാന്നിധ്യമനുസരിച്ചാണ് തരം തിരിക്കുകയെന്നുമാണ് എലോൺ മസ്കിന്റെ വാദം. ഒരു ഗർഭപാത്രമുണ്ടെങ്കിൽ, അത് ഒരു സ്ത്രീയാണെന്നും അല്ലെങ്കിൽ സ്ത്രീയല്ലെന്നുമാണ് മസ്ക് എക്‌സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവവധി മറുപടികളാണ് പോസ്റ്റിനടിയിൽ ഉപഭോക്താക്കൾ കുറിക്കുന്നത്. എംആർകെഎച്ച് സിൻഡ്രോം (മേയർ-റോക്കിറ്റാൻസ്‌കി-കുസ്റ്റർ-ഹൗസർ സിൻഡ്രോം) ഉള്ള സ്ത്രീകൾ ആ ഗണത്തിൽ പെടില്ലേയെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഗർഭാശയമില്ലാതെയോ വികസിക്കാത്ത ഗർഭശായത്തോടെയോ പെൺകുട്ടികൾ ജനിക്കുന്ന അവസ്ഥയാണിത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ പറഞ്ഞത് അടിസ്ഥാന ജീവശാസ്ത്രം ആണെന്നും, ഇത് ശരിയാണെന്നും കുറേപ്പേർ കമന്റിട്ടു.
എലോൺ മസ്കിന്റെ മകളുടെ ലിംഗമാറ്റവും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ പ്രതികരണവുമെല്ലാം ലോകത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഈ സംഭവത്തിന് തൊട്ട് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. മസ്കിന്റെ മകൾ അദ്ദേഹത്തെ വെറുക്കുന്നതിൽ ഖേദമുണ്ടെന്ന് ഇന്നലെ ഗാവിൻ ന്യൂസം പ്രതികരിച്ചിരുന്നു. മകളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മസ്കിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.


