രാജിവയ്ക്കുന്ന കാര്യം പാര്‍ട്ടിയുടെ എല്ലാ മുഖ്യമന്ത്രിമാരുമായും പാർട്ടി നേതാക്കളുമായും ആലോചിക്കും, വലിയ സംഘര്‍ഷം ഒഴിവാക്കാന്‍  ഇസ്ലാമാബാദിലേക്ക് ഇനി ലോംഗ് മാര്‍ച്ച് നയിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചതെന്നും ഇമ്രാന്‍ പറഞ്ഞു. 

റാവല്‍പിണ്ടി: തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ്. ഇസ്ലാമാബാദിലേക്ക് ലോംഗ് മാര്‍ച്ച് നടത്തുന്നതിനിടെ വെടിയേറ്റ് ഇമ്രാന്‍ ആശുപത്രി ചികില്‍സയ്ക്ക് ശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയാണ് റാവല്‍പിണ്ടിയിലേത്.

ഷെഹ്‌ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ ഇസ്‌ലാമാബാദിലേക്ക് മാർച്ച് ചെയ്യുന്നതിന് പകരം പ്രവിശ്യാ അസംബ്ലികളിൽ നിന്ന് രാജിവെക്കാനാണ് തന്‍റെ പാർട്ടി തീരുമാനിച്ചതെന്നാണ് ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞത്.

സൈന്യത്തിന്‍റെ ശക്തമായ സാന്നിധ്യം ഉള്ള ഗാരിസൺ സിറ്റിയിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ വമ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖാന്‍റെ പ്രഖ്യാപനം. ഈ മാസം ആദ്യം തനിക്ക് എതിരെ നടന്ന പരാജയപ്പെട്ട വധശ്രമത്തിന് പിന്നിൽ "മൂന്ന് കുറ്റവാളികൾ" ഉണ്ടെന്നും ഇമ്രാന്‍ ആരോപിച്ചു. അവര്‍ വീണ്ടും തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും ഇമ്രാന്‍ സൂചിപ്പിച്ചു. 

Scroll to load tweet…

വലത് കാലിൽ പ്ലാസ്റ്ററിട്ടാണ് എഴുപതുകാരനായ ഇമ്രാന്‍ റാലിക്ക് എത്തിയത്. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ പ്രധാനമന്ത്രി ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, ഐഎസ്‌ഐ കൗണ്ടർ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണെന്ന് ഇമ്രാന്‍ ആരോപിച്ചു.

"നമ്മള്‍ ഇനി ഈ സംവിധാനത്തിന്റെ ഭാഗമാകില്ല. എല്ലാ അസംബ്ലികളില്‍ നിന്നും രാജിവച്ച് ഈ ദുഷിച്ച വ്യവസ്ഥിതിയിൽ നിന്ന് പുറത്തുകടക്കാൻ നമ്മള്‍ തീരുമാനിച്ചു," ഇമ്രാനെതിരെ നടന്ന കൊലപാതക ശ്രമത്തിന് ശേഷം തെഹ്‌രീകെ ഇൻസാഫ് പാർട്ടി പാർട്ടി പ്രവർത്തകരെ ആദ്യമായാണ് ഇമ്രാന്‍ അഭിസംബോധന ചെയ്തത്.

രാജിവയ്ക്കുന്ന കാര്യം പാര്‍ട്ടിയുടെ എല്ലാ മുഖ്യമന്ത്രിമാരുമായും പാർട്ടി നേതാക്കളുമായും ആലോചിക്കും, വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇസ്ലാമാബാദിലേക്ക് ഇനി ലോംഗ് മാര്‍ച്ച് നയിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചതെന്നും ഇമ്രാന്‍ പറഞ്ഞു.

ഇമ്രാൻ ഖാന്റെ പാർട്ടിക്ക് പഞ്ചാബിലും ഖൈബർ-പഖ്തൂൺഖ്വയിലും പാക് അധീന കശ്മീരിലും ഗിൽജിത്-ബാൾട്ടിസ്ഥാനിലും സർക്കാരുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ അസംബ്ലികളിലും വലിയ പങ്കാളിത്തം ഇമ്രാന്‍റെ പാര്‍ട്ടിക്കുണ്ട്. അതേ സമയം ദേശീയ അസംബ്ലിയിൽ നിന്ന് ഇമ്രാന്‍റെ പാര്‍ട്ടി എംപിമാര്‍ മുന്‍പ് തന്നെ രാജി നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഇമ്രാന്‍ ഖാൻ പ്രഖ്യാപിച്ചു. നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി 2023 ഓഗസ്റ്റിൽ അവസാനിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തില്ലെന്നാണ് പാക് സര്‍ക്കാര്‍ നയം. 

കാലിൽ നിന്ന് 3 വെടിയുണ്ടകൾ പുറത്തെടുത്തു; 2 മാസങ്ങൾക്ക് മുമ്പ് വധ​ഗൂഢാലോചന തയ്യാറാക്കി; ഇമ്രാൻ ഖാന്‍

തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കമുളളവരെന്ന് ഇമ്രാൻ ഖാൻ