ഇസ്ലാമാബാദ്: രാജ്യത്തിനും ഭാര്യയ്ക്കും നന്ദി പറഞ്ഞ്, യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പൊതുസഭയില്‍ മികച്ച പ്രകടനം നടത്താനായതില്‍ രാജ്യത്തിനും ഭാര്യ ബുഷ്റ ബീബിക്കും നന്ദി പറയുകയായിരുന്നു അദ്ദേഹം. 

''ആദ്യം തന്നെ ഞാനെന്‍റെ രാജ്യത്തിന് നന്ദി പറയുന്നു. യുഎന്നില്‍ കശമീര്‍ വിഷയം അവതരിപ്പിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്'' - ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാനെ സ്വീകരിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടുമായി അദ്ദേഹം പറഞ്ഞു. ''ഞാന്‍ ബുഷ്റ ബീബിയോടും പ്രത്യേകം നന്ദി പറയുകയാണ്. അവള്‍ ഞങ്ങള്‍ക്കുവേണ്ടി വളരെയധികം പ്രാര്‍ത്ഥിച്ചു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് 5ന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ ഇമ്രാന്‍ ഖാന്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ''ലോകം മുഴുവന്‍ കശ്മീരിനൊപ്പം നിന്നില്ലെങ്കിലും പാക്കിസ്ഥാന്‍ എല്ലായിപ്പോഴും അവര്‍ക്കൊപ്പമായിരിക്കും. കാരണം ഞങ്ങള്‍ക്ക് അദ്ദേഹത്തെ സന്തോഷിപ്പിക്കേണ്ടതുണ്ട്'' -  ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 

പ്രതീക്ഷ കൈവിടരുത്.  നല്ല സമയവും ചീത്ത സമയവുമുണ്ട്. കശ്മീര്‍ ജനത നിങ്ങളിലേക്കാണ് ഉറ്റുനേക്കുന്നത്. അവര്‍ ജയിക്കും, അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ മോദി കശ്മീര്‍ വിഷയം പരാമര്‍ശിക്കാതിരുന്നപ്പോള്‍ കശ്മീര്‍ വിഷയത്തിലൂന്നിയായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രസംഗം. 

കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര  സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നു. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകും. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. വെറുപ്പിന്‍റെ ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ വധിച്ചതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ആരോപണം. ആർഎസ്എസിന് ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയമാണ്.  ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തെന്നും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.