ദില്ലി: ഇന്ത്യയ്ക്ക് യുദ്ധവെറിയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സൈനിക നീക്കമുണ്ടാകുമോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിൽ പാക്കിസ്ഥാനിൽ ഇനിയും ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പുൽവാമയിൽ 42 സിആ‍ര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

"ഇനിയും ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിൽ കുറ്റപ്പെടുത്തൽ സഹിക്കാൻ സാധിക്കില്ല. ഇനിയും രാജ്യത്ത് ഇത്തരം സായുധ സംഘങ്ങളെ സ്വൈര്യവിഹാരം നടത്താനും അനുവദിക്കാൻ കഴിയില്ല. ഇനിയും പുൽവാമ പോലെ ഒരു സംഭവം ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം," ഇമ്രാൻ ഖാൻ പറഞ്ഞു.

എന്നാൽ ഇന്ത്യയെ ഇപ്പോഴും പേടിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് യുദ്ധവെറിയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തെങ്കിലും തരത്തിലുളള നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.