പ്രിതിരോധരംഗത്തെ നവീകരണത്തിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള നടപടികൾ ചർച്ചയായി എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ദില്ലി: യു എസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മിൽ ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉൾപ്പെടെ കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. പ്രതിരോധരംഗത്തെ നവീകരണത്തിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള നടപടികൾ ചർച്ചയായി എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
സാങ്കേതികവിദ്യ കൈമാറ്റത്തിലടക്കം പ്രത്യേക പദ്ധതികളും നടപ്പാക്കാൻ ധാരണയായി. കൂടാതെ ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അമേരിക്കയിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിഷയം ഇന്ത്യ ഉന്നയിച്ചുവെന്നാണ് വിവരം. നിയമവിരുദ്ധ സംഘടനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ - യു എസ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന വാർത്ത ഗ്രീൻ കാർഡുള്ള വിദേശ പൗരനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായും നഗ്നനാക്കി പരിശോധിച്ചെന്നുമാണ്. ഫാബിയാൻ ഷ്‍മിട്ത്ത് എന്ന ജർമൻ പൗരൻ ലക്സംബർഗിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്ന് ന്യൂസ് വീക്കാണ് റിപ്പോർട്ട് ചെയ്തത്. 34 കാരനായ ഇയാളെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ചതിന് പുറമെ എമിഗ്രേഷൻ വിഭാഗത്തിൽ 'ഭീകരമായ' ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചോദ്യം ചെയ്യലിനൊടുവിൽ യുവാവിനെ അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എന്ത് കാരണത്തിന്റെ പേരിലാണ് ഫാബിയാനെ കസ്റ്റഡിയിൽ എടുത്തതെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ കേസുകൾ നിലവിലില്ല. ഗ്രാൻ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു എന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
