വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്

ദില്ലി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ അമേരിക്ക, വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.

പതറാതെ തംപ്സ് അപ്പ് അടിച്ച് മഡൂറോ

അതിനിടെ ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവന്നു. അമേരിക്കയുടെ പിടിയിലായിട്ടും അൽപം പോലും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ശനിയാഴ്ച നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡി ഇ എ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മഡൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

രൂക്ഷ വിമർശനവുമായി റഷ്യ

അതിനിടെ മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യയടക്കം രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.