ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു.

വാഷിങ്ടൺ : ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെഞ്ചമിൻ നെതന്യാഹുവിനോട് എന്താണ് പറയാനുള്ളതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ന്യൂജേഴ്സിയിലെ മോറിസ്റ്റൗൺ എയർപോർട്ടിൽ വെച്ചായിരുന്നു പ്രതികരണം.

'അവർ (ഇസ്രയേൽ) വളരെ വളരെ ശ്രദ്ധിക്കണം. ഹമാസിനെതിരെ അവർക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പക്ഷേ ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഖ്യകക്ഷിയാണ്, പലർക്കും അത് അറിയില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ട്രംപ് മറുപടി നൽകിയത്.

ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂയോർക്കിൽ വെച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയെ ട്രംപ് അത്താഴത്തിന് അതിഥിയായി സ്വീകരിച്ചിരുന്നു. അത്താഴ വിരുന്നിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടിയായിരുന്നു ട്രംപിന്റെ ഈ നീക്കമെന്നായിരുന്നു പൊതു വിലയിരുത്തൽ.

Scroll to load tweet…

‘വീണ്ടും ആക്രമിക്കുമെന്ന നെതന്യാഹുവിന്‍റെ ഭീഷണി പ്രകോപനം’

ഇസ്രയേൽ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തിൽ പറയുന്നു. വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയിൽ ഖത്തർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭ്യർത്ഥിച്ചു.