ക്വലാലംപുര്‍: 5000ത്തിലേറെ ആമക്കുഞ്ഞുങ്ങളുമായി രണ്ട് ഇന്ത്യക്കാരെ മലേഷ്യന്‍ അധികൃതര്‍ പിടികൂടി. ചുവന്ന ചെവികളുള്ള ആമകളുമായാണ് ഇന്ത്യക്കാര്‍ ക്വലാലംപുര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലായത്. വളര്‍ത്തുമൃഗ മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള വിഭാഗമാണ് ചുവന്ന ചെവിയുള്ള ആമകള്‍. വലിയ ബക്കറ്റുകളിലും സ്യൂട്കേസിലുമാണ് ആമകളെ കടത്താന്‍ ശ്രമിച്ചത്.

ചൈനയില്‍നിന്നാണ് ഇവര്‍ മലേഷ്യയില്‍ ആമകളുമായെത്തിയത്. പിടികൂടിയ ആമകള്‍ക്ക് ഏകദേശം 12700 ഡോളര്‍ (8.89 ലക്ഷം രൂപ) വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. മലേഷ്യന്‍ നിയമപ്രകാരം പരാമവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.