കാലിഫോർണിയയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസമായി കോമയിലായിരുന്ന നീലം തനാജി ഷിൻഡെ എന്ന ഇന്ത്യാക്കാരി മരിച്ചു. മരണശേഷം, ജീവിച്ചിരിക്കുമ്പോൾ നൽകിയ സമ്മതപത്രപ്രകാരം അവരുടെ അവയവങ്ങൾ ദാനം ചെയ്തു. അപകടത്തെ തുടർന്നുണ്ടായ ആഘാതത്തിൽ നീലത്തിൻ്റെ അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു.
കാലിഫോർണിയ: വാഹനം ഇടിച്ച് കഴിഞ്ഞ 14 മാസമായി കോമയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു. മഹാരാഷ്ട്രയിലെ സതരായ്ക്ക് അടുത്ത് വഡ്ഗോൺ സ്വദേശി നീലം തനാജി ഷിൻഡെ എന്ന 35കാരിയാണ് മരിച്ചത്. കാലിഫോർണിയയിലെ സാക്രമെൻഡോയിൽ വെച്ച് 2025 ഫെബ്രുവരി 14നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ശസ്ത്രക്രിയകളും തീവ്ര പരിചരണവും തുടർന്നെങ്കിലും കഴിഞ്ഞ 14 മാസത്തിനിടെ ഒരിക്കൽ പോലും നീലം കണ്ണ് തുറന്നിരുന്നില്ല.
മരണശേഷം നീലത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. നീലം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 14 മാസമായി തോരാത്ത കണ്ണീരുമായി കാത്തിരുന്ന കുടുംബത്തിന് മരണവാർത്ത താങ്ങാനാവുന്നതിലും അപ്പുറമായി. അപകടത്തിൽ തലയ്ക്കും കാലുകൾക്കും കൈകൾക്കും നെഞ്ചിലും അതീവ ഗുരുതരമായി അവർക്ക് പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ ഭക്ഷണം നൽകിയ ട്യൂബിൽ അണുബായുണ്ടായത് അടക്കം സങ്കീർണമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ജീവൻ രക്ഷിക്കാനും യുവതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും തീവ്ര പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ. ആരോഗ്യനില വഷളായതോടെ മാർച്ച് 28 ന് വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഇതിന് ശേഷം ആരോഗ്യനില കൂടുതൽ മോശമായി.
അപകടവാർത്തയറിഞ്ഞ് മകളെ കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച ആനന്ദ് ഷിൻഡെയ്ക്ക് മുംബൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് വീസ അനുവദിച്ചില്ല. ഇത് അന്തർദേശീയ തലത്തിൽ വാർത്തയായതിനെ തുടർന്നാണ് പിന്നീട് വീസ അനുവദിച്ചത്. അപകട വിവരമറിഞ്ഞ് കടുതച്ത മനോവിഷമത്തിലായിരുന്ന നീലത്തിൻ്റെ അമ്മയും പിന്നാലെ മരിച്ചു. നീലം കൂടി മരിച്ചതോടെ ആനന്ദ് ഷിൻഡെ ജീവിതത്തിൽ ഒറ്റപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് നീലം സമ്മതപത്രം എഴുതിക്കൊടുത്തിരുന്നു. ഇതിൻ്റെ അടിസ്താനത്തിലാണ് മരണശേഷം അവയവങ്ങൾ ദാനം ചെയ്തത്. ഹൈന്ദവ ആചാര പ്രകാരം ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തും.


