അമേരിക്കയിൽ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ മണി ചന്ദ്ര തേജ ഗദ്ദാം (28) ആണ് മരിച്ചത്. സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

മസാച്യുസെറ്റ്സ്: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്. സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിങ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിങ് നടത്തിയ സ്കൈ ഡൈവിങ്ങിനിടെ ആണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിങ്ങിനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസ്സം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പൊലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.

അപകടത്തിന് ദിവസങ്ങൾക്ക് മുമ്പ് മണി തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചിരകാല സ്വപ്നമായ സ്കൈ ഡൈവിങ്ങിനുള്ള യുഎസ്പിഎ ലൈസൻസ് നേടിയെന്ന് അറിയിച്ചിരുന്നു. സ്കൈ ഡൈവിങ്ങിൽ മണി അടുത്ത കാലത്ത് എ ലൈസൻസ് നേടിയിരുന്നതായി കുടുംബം പറഞ്ഞു. ഹൈദരാബാദ് സ്വദേശിയാണ് മരിച്ച മണി ചന്ദ്ര തേജ ഗദ്ദാം. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ചതിന് പിന്നാലെയാണ് മരണം കവർന്നത്. ബോസ്റ്റണിലായിരുന്നു യുവാവ് താമസിച്ചിരുന്നത്.