വയനാട്ടിൽ കാട്ടാനയുടെ മുമ്പിൽനിന്ന് മാധ്യമപ്രവർത്തകന് തലനാരിഴയ്ക്ക് രക്ഷപ്പെടൽ. അമൃത ന്യൂസ് വയനാട് ലേഖകന്‍ രതീഷ് കുഞ്ചത്തൂർ ആണ് ആനയുടെ മുമ്പിൽപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ആന പാഞ്ഞടുക്കുകയായിരുന്നു.

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍നിന്നു മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകന്‍ രതീഷ് കുഞ്ചത്തൂരാണ് കഴിഞ്ഞരാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പില്‍പ്പെട്ടത്.

ചുണ്ടേല്‍ - ഒലിവുമല റോഡിലെ ചുണ്ടവയല്‍ അയനിമട്ടം ഭാഗത്താണ് സംഭവം. വഴിയരികില്‍ മറഞ്ഞനിന്ന ആന സ്‌കൂട്ടറിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടയുടന്‍ രതീഷ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് സമീപത്തെ വീട്ടില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ആന പിന്നീട് അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് പിന്‍വാങ്ങി.

സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട പ്രദേശമാണ് ചുണ്ടവയല്‍. പ്രദേശത്ത് ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച വേലി തകര്‍ന്നുകിടക്കുന്നതാണ് നിരന്തരം ആനകള്‍ ജനവാസപ്രദേശങ്ങളിലെത്തുന്നതിന് കാരണമെന്ന് പറയുന്നു.

ഇത് രണ്ടാം തവണയാണ് രതീഷ് കുഞ്ചത്തൂര്‍ ആനയുടെ മുമ്പില്‍പ്പെടുന്നത്. മാസങ്ങള്‍ മുമ്പ് വീടിനടുത്താണ് ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുന്നത്. മുമ്പ് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ ആന ഭാഗികമായി തകര്‍ത്തതിരുന്നതായി രതീഷ് പറഞ്ഞു. തകര്‍ന്ന വേലി അടിയന്തരമായി നന്നാക്കി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.