യുട്യൂബിലെ വൈറൽ വീഡിയോയിൽ പ്രേരിതമായി വനമേഖലയിൽ ജീവിച്ച് അതിജീവന പാഠങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൗമാരക്കാരനും ബന്ധുക്കളും മരണപ്പെടുന്നത്
കൊളറാഡോ: യുട്യൂബിൽ വൈറലായ അതിജീവന മാർഗം മകനെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിൽ അമ്മയും അമ്മായിയും. കൊടും കാട്ടിൽ അഴുകിയ നിലയിൽ മൂന്ന് മൃതദേഹങ്ങൾ. കൊവിഡ് മഹാമാരി കാലത്ത് യുട്യൂബിൽ വൈറലായ കൊടുംകാട്ടിലെ അതിജീവന പരിപാടിയോടുള്ള അതിയായ അഭിനിവേശമാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയത്. 13കാരന്റെയും അമ്മയുടേയും അമ്മായിയുടേയും മൃതദേഹങ്ങൾ അഴുകിയ നിലയിലാണ് കൊളറാഡോയിലെ വനമേഖലയിൽ നിന്ന് ലഭിച്ചത്. കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് കൗമാരക്കാരനായ റ്റലോൺ വാൻസുമായി അമ്മയും ബന്ധുവും കാട് കയറിയത്. അമേരിക്കയിലെ കൊളറാഡോയിലെ വനമേഖലയിൽ 11 മാസത്തോളം ഇവർ താമസിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. കൊവിഡിന് പിന്നാലെ റ്റലോൺ വാൻസിന്റെ അമ്മയ്ക്കുണ്ടായ മാനസിക വെല്ലുവിളിയാണ് മൂന്ന് പേരുടേയും മരണത്തിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസ മേഖലയിൽ ജീവിതം സുരക്ഷിതമല്ലെന്നും കാടാണ് ഇനിയുള്ള ജീവിതത്തിന് ഏറ്റവും ഉചിതമെന്നുമായിരുന്നു റ്റലോൺ വാൻസിന്റെ അമ്മ നിരീക്ഷണം. ഇതിനായി വനമേഖലയിൽ ജീവിച്ച് അതിജീവന പാഠങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൗമാരക്കാരനും ബന്ധുക്കളും മരണപ്പെടുന്നത്.
കൊവിഡ് മഹാമാരിക്ക് പിന്നാലെ മകനെ സ്കൂളിൽ വിടുന്നത് അമ്മ റബേക്ക വാൻസ് അവസാനിപ്പിച്ചു. കുറച്ച് കാലം ഓൺലൈൻ ക്ലാസുകളിൽ റ്റലോൺ പങ്കെടുത്തെങ്കിലും പിന്നീട് വനമേഖലയിൽ കുഴിയെടുത്ത് താമസം ആരംഭിച്ചതോടെ ഇതും അവസാനിക്കുകയായിരുന്നു. ഒരുപാട് വിത്തിനങ്ങളുമായാണ് വാൻസ് മകനുമൊത്ത് കാട് കയറിയത്. എന്നാൽ വിത്തുകൾ മുളയ്ക്കുന്ന ശരിയായ സമയത്ത് ആയിരുന്നില്ല വിതയ്ക്കൽ അടക്കമുള്ള പ്രവർത്തികൾ നടന്നത്. അതിനാൽ തന്നെ ജീവിക്കാൻ ആവശ്യമായവ മൂവർ സംഘത്തിന് കാട്ടിൽ കൃഷി ചെയ്യാനായില്ല.
ഏകദേശം ഒരേ സമയത്താണ് മൂന്ന് പേരും മരണപ്പെട്ടത്. പട്ടിണി, വയറിളക്കം, പ്രതികൂല കാലവസ്ഥ ഇവയാണ് മരണകാരണമായത്. യുഎസ് ഫോറസ്റ്റ് സർവ്വീസിന്റെ ക്യാംപ്ഗ്രൗണ്ടിന് പരിസരത്ത് നിന്നാണ് മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കാട്ടിൽ അതിജീവനം എങ്ങനെ നടത്താമെന്ന് വിശദമാക്കുന്ന വിവിധ ബുക്കുകളും കാലിയായ ഭക്ഷണ ടിന്നുകളുമാണ് മൃതദേഹം ലഭ്യമായ മേഖലയിൽ കണ്ടെത്താനായത്. ഇവർ താമസിച്ചിരുന്ന ടെന്റ് മഞ്ഞ് മൂടിയ നിലയിലുമായിരുന്നു. വെറും പതിനെട്ട് കിലോഗ്രാമായിരുന്നു മരണപ്പെടുന്ന സമയത്ത് റ്റലോൺ വാൻസിന്റെ ഭാരം. ഇതേ പ്രായത്തിലുള്ള കുട്ടികളുടെ ശരാശരി ഭാരത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇത്. അച്ഛനും അച്ഛന്റെ അമ്മയ്ക്കും ഒപ്പമായിരുന്നു റ്റലോൺ നേരത്തെ കഴിഞ്ഞിരുന്നത്.


