ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടെ, പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ബീജിംഗിലെത്തി. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ ഉപരോധങ്ങളെ മറികടക്കാൻ ലക്ഷ്യമിടുന്ന ഈ സന്ദർശനം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനാ സന്ദർശനത്തിന് തൊട്ടുമുൻപായാണ് നടക്കുന്നത്.

ബീജിംഗ്: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുകയും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഫലവത്താകാതെ നീണ്ടുപോയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ബീജിംഗിൽ. പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ചൈനാ സന്ദർശനം. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ നിലവിലെ ഉപരോധങ്ങളെയും സൈനിക സമ്മർദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് കടലിടുക്കിലൂടെ സുഗമമായി കടന്നുപോകാൻ ഇറാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്.

ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം ബീജിംഗിലെത്തുന്ന അരാഗ്‌ചി ബുധനാഴ്ച വാങ് യിയുമായി ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച മിഡിൽ ഈസ്റ്റ് സംഘർഷം രണ്ട് മാസം പിന്നിടുമ്പോൾ, യുദ്ധം തുടങ്ങിയ ശേഷം ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിൽ നടത്തുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. നേരത്തെ ഇവർ ഫോൺ വഴി ആശയവിനിമയം നടത്തിയിരുന്നു. 

ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, അടുത്ത ആഴ്ചയാണ് ഡോണാൾഡ് ട്രംപ് ബീജിംഗ് സന്ദർശിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ഇറാൻ നടത്തിവരുന്ന നയതന്ത്ര ചർച്ചകളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. മേഖലയിലെയും ആഗോളതലത്തിലെയും പ്രശ്നങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ചാവിഷയമാകും.