ശത്രുക്കൾക്ക് കീഴടങ്ങില്ലെന്നും മുട്ടുകുത്തിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാൻ പരമോന്ന നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാനിലെ പ്രക്ഷോഭങ്ങളിൽ അമേരിക്ക നൽകിയ മുന്നറിയിപ്പിനോടാണ് പ്രതികരണം.
അബുദബി: ശത്രുക്കൾക്ക് കീഴടങ്ങില്ലെന്നും മുട്ടുകുത്തിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാൻ പരമോന്ന നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാനിലെ പ്രക്ഷോഭങ്ങളിൽ അമേരിക്ക നൽകിയ മുന്നറിയിപ്പിനോടാണ് പ്രതികരണം. വ്യാപാരികൾ നടത്തുന്ന പ്രതിഷേധം ന്യായമാണെന്നും എന്നാൽ, ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്നും ആണ് പ്രക്ഷോഭകർക്കുള്ള മുന്നറിയിപ്പ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആയത്തുള്ള അലി ഖമനേയി അംഗീകരിക്കുന്നു. അതിനാൽ ഇപ്പോൾ നടക്കുന്ന സമരങ്ങളും സ്വാഭാവികവും ന്യായവുമാണെന്നും ആയത്തുള്ള അലി വ്യക്തമാക്കുന്നു.
പക്ഷെ, പുതിയ സ്ഥിതി വിശേഷം ശത്രുക്കൾ സൃഷ്ടിച്ചെടുത്തതാണെന്നാണ് ആയത്തുള്ളയുടെ നിലപാട്. പ്രതിഷേധക്കാർക്കിടയിൽ ശത്രു ഏജന്റുമാർ നുഴഞ്ഞു കയറി കലാപം സൃഷ്ടിക്കുന്നുവെന്നും ഇത് അംഗീകരിക്കില്ലെന്നും ആയത്തുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സർക്കാർ അധ്വാനിക്കുകയാണെന്നും ഇതിന് ഒപ്പം നിൽക്കണമെന്നുമാണ് ആഹ്വാനം. വെനസ്വലയിലെ സംഭവ വികാസങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ് ഈ പ്രതികരണം. ശത്രുക്കൾക്ക് കീഴടങ്ങില്ലെന്നും മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകി. ഇറാന് മേൽ വീണ്ടും അമേരിക്കൻ - ഇസ്രയേൽ ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് സമീപദിവസങ്ങളിൽ രൂക്ഷ പ്രതികരണമാണ് ഇറാൻ നേതാക്കൾ നടത്തുന്നത്. വെനിസ്വേലയിലെ സംഭവവികാസങ്ങൾ ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പറഞ്ഞതും ശ്രദ്ധേയമാണ്.


