ഇറാൻ - അമേരിക്ക ചർച്ച ധാരണയാകാതെ പിരിഞ്ഞതോടെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നു. ബാരലിന് നൂറ് ഡോളർ പിന്നിട്ടു.

വാഷിംഗ്ടൺ/ ടെഹ്റാൻ: സമാധാന ചര്‍ച്ച അലസിപിരിഞ്ഞതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറാനിലെ തുറമുഖ ഉപരോധം ഇന്നാരംഭിക്കും. ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് പ്രഖ്യാപനം. അമേരിക്കന്‍ നീക്കത്തെ ഇറാന്‍ പരിഹസിച്ചു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചു കയറി. ബാരലിന് നൂറ് ഡോളർ പിന്നിട്ടു. ഇന്ന് മാത്രം ഏഴര ശതമാനം വര്‍ധനയുണ്ടായി. യുഎസ് ക്രൂഡ് ഓയില്‍ വില 104 ഡോളറും മറ്റിടങ്ങളില്‍ 101 ഡോളറുമായി.

Add Asianetnews as a Preferred SourcegooglePreferred

ഇറാൻ തുറമുഖങ്ങളിൽ ചരക്ക് നീക്കം നടത്തുന്ന കപ്പലുകൾക്ക് അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ സേനാ വിഭാഗമായ സെന്‍ട്രല്‍ കമാന്‍ഡന്‍റ് അറിയിച്ചു. ഇറാന്‍ തുറമുഖത്ത് പ്രവേശിക്കുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ ചരക്ക് കപ്പലുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ആര്‍ക്കും ഇളവ് ഉണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വടക്ക് തെക്ക് ഭാഗങ്ങളിലായി 11 തുറമുഖങ്ങളാണ് ഇറാനിലുള്ളത്. ഇതില്‍ ഇന്ത്യ നിര്‍മിച്ച ചബഹാര്‍ തുറമുഖവും കൂടാതെ ഇറാന്‍റെ എന്‍പത് ശതമാനം എണ്ണകയറ്റുമതിയും നടക്കുന്ന ഖാര്‍ഗ് ദ്വീപിലെ പോര്‍ട്ടും ഉള്‍പ്പെടും. ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്ക് ഗതാഗതം തട‍ഞ്ഞ് സമ്മര്‍ദത്തിലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്ന് പോകുന്ന ഇറാന്‍ ഇതര രാജ്യങ്ങളുടെ കപ്പലുകളെ അമേരിക്ക തടയില്ല.

അതേസമയം, തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ഇറാന്‍ പരിഹസിച്ചു. ട്രംപിന്‍റെ തീരുമാനങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നു എന്നാണ് ഇറാന്‍റെ പരിഹാസം. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയാണ് ഇറാന്‍. കടലിടുക്ക് ഇറാന്‍ സേനയുടെ നിയന്ത്രണത്തിലാണ്. തെറ്റായ നീക്കം മരണച്ചുഴിയില്‍ വീഴ്ത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.