വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയെ സൈനിക നടപടിയിലൂടെ കൊലപ്പെടുത്തി എന്ന വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്ക വ്യക്തമാക്കിയത്. കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്ന് ഡിഎന്‍എ ടെസ്റ്റ് വഴി വ്യക്തമായ ശേഷമാണ് അമേരിക്കന്‍ പ്രഖ്യാപനം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ്ണമായും അമേരിക്കന്‍ സൈനിക നീക്കത്തിലാണ് ബാഗ്ദാദിയുടെ മരണം എന്നാണ് അമേരിക്ക പറയുന്നതെങ്കിലും കുര്‍ദ്ദിഷ് പ്രതിരോധ സേന അടക്കം ഇതില്‍ തങ്ങളുടെ പങ്ക് അവകാശപ്പെടുന്നുണ്ട്.

ഇതേ സമയം ഐഎസിന്‍റെ ഉള്ളില്‍ നിന്നുള്ള ഒരു വ്യക്തി തന്നെ ബാഗ്ദാദി വേട്ടയില്‍ പ്രധാന റോള്‍ വഹിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇയാളുടെ പേരോ, ഏത് നാട്ടുകാരനാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അവസാനം ബാഗ്ദാദിയുടെ ഒളിസ്ഥലം കാണിച്ചുകൊടുത്തത് ഇയാളാണ് എന്നാണ് അമേരിക്കന്‍ പത്രത്തെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഗ്ദാദിയുടെ ഒളിസ്ഥലത്തിന്‍റെ ഉള്‍ഭാഗം, അവിടെ എവിടെയാണ് ബാഗ്ദാദി താമസിക്കുന്നത്. എന്നിങ്ങനെ തന്ത്രപ്രധാന വിവരങ്ങള്‍ ബാഗ്ദാദിയുടെ ക്യാമ്പില്‍ നിന്നുതന്നെ ഇയാള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Read More: മോഷ്ടിച്ച ഒരു ജോഡി അടിവസ്ത്രങ്ങള്‍: അമേരിക്ക കൊന്നത് ബാഗ്ദാദിയെ തന്നെയെന്ന് ഉറപ്പ് വരുത്തിയത് ഇങ്ങനെ...

സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്സ് ജനറലിനെ ഉദ്ധരിച്ചാണ് അമേരിക്കന്‍ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. ഒരോ റൂമും വിവരിക്കുന്ന ബാഗ്ദാദിയുടെ തുര്‍ക്കി അതിര്‍ത്തിയിലെ വാസസ്ഥലം ഇയാള്‍ വ്യക്തമാക്കി തന്നു എസ്.ഡി.എഫ് മേധാവി പറയുന്നു. എത്ര അംഗരക്ഷകരുണ്ട്, എത്ര വഴികളും ടണലുകളും ഉണ്ട് എന്നിവയെല്ലാം ഇയാള്‍ വ്യക്തമാക്കി എന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക പ്രഖ്യാപിച്ച പ്രതിഫലം 25 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് 177.3 കോടി രൂപ ഇയാള്‍ക്ക് ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തന്നെയാണ് ബാഗ്ദാദിയാണ് എന്ന് ഉറപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ബാഗ്ദാദിയുടെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിക്കുന്ന ഇയാളുടെ അടിവസ്ത്രങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ട്. 

അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജറാബ്‌ളസിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലായിരുന്നു.  സിഐഎയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്ന എസ്ഡിഎഫ് മെയ് 15 മുതല്‍ ബാഗ്ദാദിക്ക് മേല്‍ കനത്ത നിരീക്ഷണം വെച്ചിരുന്നു. ഇവരുടെ നാലു ചാരന്മാരില്‍ ഒരാള്‍ക്ക് ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ എത്താന്‍ കഴിഞ്ഞു. ഒരു മാസം മുമ്പ് മുതല്‍ ബാഗ്ദാദിയെ തകര്‍ക്കാനുള്ള ഓപ്പറേഷന് അമേരിക്ക തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍ വലിക്കാനുള്ള ട്രംപിന്‍റെ തീരുമാനം മൂലം എല്ലാം വൈകുകയായിരുന്നു. 

Read More at: 'ഐഎസ് തലവനെ വധിക്കാന്‍ സഹായിച്ചത് ഇവന്‍'; നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് ട്രംപ്...

ട്രംപിന്‍റെ തീരുമാനം കുര്‍ദ്ദുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. തുര്‍ക്കി സേന കുര്‍ദ്ദ് മേഖലയിലേക്ക് ശക്തമായ സൈനിക നീക്കം നടത്തി. ഇത് ബാഗ്ദാദിയെ നിരീക്ഷിക്കുകയും രഹസ്യവിവരം ശേഖരിക്കുകയും ചെയ്തിരുന്ന ജോലികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഡിഎഫിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇഡ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദിയുണ്ടെന്ന വിവരം നല്‍കിയത്. 

വടക്കന്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കാന്‍ ബാഗ്ദാദി ഒരുങ്ങുമ്പോഴാണ് അമേരിക്കന്‍ സൈന്യം പിടികൂടിയതും കൊലപ്പെടുത്തിയതും. കൊലപ്പെടുത്തിയ ശേഷം 15 മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച സമ്പിള്‍ വച്ച് ബാഗ്ദാദിയുടെ ഡിഎന്‍എ മാച്ച് ചെയ്ത് മരിച്ചത് ബാഗ്ദാദി തന്നൊണെന്ന് അമേരിക്കന്‍ കമാന്‍റോ സംഘം ഉറപ്പുവരുത്തി. പിന്നീട് ഒസാമ ബിന്‍ ലാദന്‍റെ ശരീരം പോലെ നടുക്കടലില്‍ ആരും തേടിച്ചെല്ലാത്ത ഇടത്ത്  ബാഗ്ദാദിയുടെ മൃതദേഹം അമേരിക്ക അടക്കിയെന്നാണ് റിപ്പോര്‍ട്ട്.