ഡുബ്ലിന്‍: തുര്‍ക്കിയില്‍ നിന്ന് സ്വന്തം രാജ്യമായ അയര്‍ലന്‍ഡിലേക്ക് തിരിച്ചെത്തിയ ഐഎസ് വനിതയെ അറസ്റ്റ് ചെയ്തു. ലിസ സ്മിത്ത്, അവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഐറിഷ് ഡിഫന്‍സ് ഫോഴ്സ് അംഗമായിരുന്നു ലിസ സ്മിത്ത്. വിമാനത്താവളത്തില്‍ നിന്ന് ലിസയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഐറിഷ് പൊലീസ് ട്വീറ്റ് ചെയ്തു. 

വളരെ വൈകാരികമായ കേസാണെന്നും ഇവരെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്യുമെന്നും ഐറിഷ് മന്ത്രി ചാര്‍ളി ഫ്ലനാഗന്‍ പറഞ്ഞു. യൂറോപ്പില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് ലിസയുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് നിഗമനം. 

വിമാനത്താവളത്തില്‍ നിന്ന് ലിസയെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യം

ലിസ സ്മിത്ത് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് അഭിമുഖം നല്‍കിയിരുന്നു. താന്‍ ഐഎസിന്‍റെ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടില്ലെന്നും ലിസ അന്ന് പറഞ്ഞിരുന്നു. തന്നെ അന്വേഷണ ഏജന്‍സികള്‍ ഒന്നിലേറെ തവണ ചോദ്യം ചെയ്തതായും ലിസ വെളിപ്പെടുത്തിയിരുന്നു. ഐഎസിലെത്തിയ ശേഷമാണ് ലിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിറിയയിലെ അഭിയാര്‍ഥി ക്യാമ്പിലായിരുന്നു ലിസയും കുഞ്ഞും താമസിച്ചിരുന്നത്.