സിറിയയുടെ മധ്യഭാഗത്തുള്ള പാൽമിറയിലാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും അമേരിക്കൻ പൗരനായ ഭാഷാ സഹായിയും കൊല്ലപ്പെട്ടതായി അമേരിക്ക. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് അമേരിക്ക വിശദമാക്കുന്നത്. സംഭവത്തിൽ രണ്ട് സിറിയക്കാർക്കും പരിക്കേറ്റതായാണ് സിറിയയുടെ ഔദ്യോഗിക മാധ്യമം വിശദമാക്കിയിട്ടുള്ളത്. ഐസ്ഐസ് ആക്രമണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കുന്നത്. യുഎസ് പൗരന്മാരുടെ മരണത്തിൽ സിറിയൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ യുഎസ് സൈനികർ ആശുപത്രി വിട്ടതായാണ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രതികരിച്ചത്. കൊല്ലപ്പെട്ടവരുടെ ഉറ്റവരെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് വിശദമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇനിയും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തിയ ആളുടെ വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സിറിയയുടെ മധ്യഭാഗത്തുള്ള പാൽമിറയിലാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.
സിറിയൻ പ്രസിഡന്റിന് നിയന്ത്രണമില്ലാത്ത മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് പെൻറഗൺ പ്രതികരിച്ചത്. നിങ്ങൾ അമേരിക്കക്കാരെ ലക്ഷ്യമിട്ടാൽ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടും കണ്ടെത്തി കൊലപ്പെടുത്തുന്നതും ഉറപ്പാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആക്രമണത്തക്കുറിച്ച് പ്രതികരിച്ചത്. സിറിയയിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനം തുടരുമെന്നും പ്രതിരോധ സെക്രട്ടറി വിശദമാക്കി. അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് സിറിയ അമേരിക്കയുമായി കൈകോർത്തത്. സിറിയയിലും ഇറാഖിലുമായി 7000ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് യുഎൻ കണക്കുകൾ. 2015 മുതലാണ് അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണം തുടങ്ങിയത്.


