പാകിസ്ഥാനെ ഇസ്രയേൽ അൽപ്പം പോലും വിശ്വസിക്കുന്നില്ലെന്നാണ് ഇസ്രയേൽ അംബാസിഡറുടെ പ്രതികരണം. ചർച്ചകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു സഹായിയുടെ പരിഗണന മാത്രമേ പാകിസ്ഥാന് അമേരിക്ക നൽകുന്നുള്ളൂവെന്നും അംബാസിഡർ
ടെൽ അവിവ്: ഇസ്‌ലാമാബാദിൽ നടക്കുന്ന യുഎസ് - ഇറാൻ സമാധാന ചർച്ചകൾക്ക് മുന്നോടിയായി പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ. പാകിസ്ഥാനെ ഇസ്രയേൽ അൽപ്പം പോലും വിശ്വസിക്കുന്നില്ലെന്നാണ് ഇസ്രയേൽ അംബാസിഡറുടെ പ്രതികരണം. ചർച്ചകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു സഹായിയുടെ പരിഗണന മാത്രമേ പാകിസ്ഥാന് അമേരിക്കയും നൽകുന്നുള്ളൂ എന്നും റൂവൻ അസർ പറഞ്ഞു. പശ്ചിമേഷ്യയിൽ സ്ഥിരത കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾ പാകിസ്ഥാനികളെ വിശ്വസിക്കുന്നില്ല. അമേരിക്കക്കാർ അവരെ വിശ്വസിക്കുന്നുവെന്ന് അമിതമായി ആവേശം കൊള്ളേണ്ടതില്ല. ഇത് വെറുമൊരു സാങ്കേതിക സഹായം മാത്രമാണ്, അതിലപ്പുറമൊന്നുമില്ല"- ഇസ്രയേൽ അംബാസിഡർ പറഞ്ഞു. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ പാകിസ്ഥാൻ അപലപിച്ചതിനെതിരെയും റൂവൻ അസർ രംഗത്തെത്തി. രാജ്യത്തിന്റെ പ്രതിരോധത്തിനായി ഇസ്രയേൽ ആവശ്യമായ നടപടികൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ സമാധാന സേനയിൽ പാകിസ്ഥാൻ സൈന്യം ഉൾപ്പെടുന്നതിനോട് ഇസ്രയേലിന് താൽപ്പര്യമില്ലെന്നും ഹമാസും ലഷ്കർ-ഇ-തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ നിർണായക ചർച്ചകൾക്ക് വെള്ളിയാഴ്ച പാകിസ്താൻ ആതിഥേയത്വം വഹിക്കുകയാണ്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ എത്തുന്നത്. പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കി ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സ്വയം മധ്യസ്ഥനായി ചമയുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ വൈറ്റ് ഹൗസിന്റെ ശക്തമായ സമ്മർദ്ദമുണ്ടെന്ന് 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ വെടിനിർത്തലിന് സമ്മതിപ്പിക്കാൻ അമേരിക്ക പാകിസ്ഥാനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് ഇറാൻ ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ തുടർന്നാൽ വെടിനിർത്തൽ കരാർ തകരാനും ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷമുണ്ടാകാനും സാധ്യതയുണ്ടെന്ന് ഇറാൻ പറഞ്ഞു. എന്നാൽ ലെബനൻ ഈ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപും നെതന്യാഹുവും വ്യക്തമാക്കുന്നത്.


