കരാര്‍ നടപ്പില്‍ വരുത്താന്‍ഹിസ്ബുല്ലയുടെ സഹകരണം ആവശ്യമാണ്. ഹിസ്ബുല്ല ലെബനന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. സര്‍ക്കാറിന് ഹിസ്ബുല്ലയുടെ മേല്‍ നിയന്ത്രണവുമില്ല.ചര്‍ച്ചകളില്‍ അവര്‍ കക്ഷിയുമല്ല. 

വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. അമേരിക്കയുമായി ചേര്‍ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇസ്രായേല്‍, ലെബനീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പുതുക്കി സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിനായി യു.എസ് വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഒരു താല്‍ക്കാലിക കരാറും ഉണ്ടാക്കി. ഇതിനു ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

അമേരിക്കയുടെ മുന്‍കൈയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ലെബനന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചുവെങ്കിലും, കരാര്‍ നടപ്പില്‍ വരുത്താന്‍ ഇസ്രായേലുമായി പോരാടുന്ന, ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സഹകരണം ആവശ്യമാണ്. ഹിസ്ബുല്ല ലെബനന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. സര്‍ക്കാറിന് ഹിസ്ബുല്ലയുടെ മേല്‍ നിയന്ത്രണവുമില്ല. ഇരുപക്ഷത്തെയും ചര്‍ച്ചകളില്‍ അവര്‍ കക്ഷിയുമല്ല. ഹിസ്ബുല്ലയെ നിരായുധീകരിക്കുക, ലെബനന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിക്കുക എന്നിവ ലെബനന്‍ സര്‍ക്കാരിന് ഇപ്പോഴും വെല്ലുവിളിയാണ്.

സംയുക്ത പ്രസ്താവനയില്‍ പറയുന്നത്

ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സായുധ ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും, യു.എസ് പിന്തുണയോടെ ലെബനീസ് സേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലെബനന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. പരസ്പരം ശത്രുത ഇല്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനല്‍കി. സമഗ്രമായ കരാറിനായി നേരിട്ടുള്ള ചര്‍ച്ച തുടരാന്‍ ഇരു രാജ്യങ്ങളും സന്നദ്ധ പ്രകടിപ്പിച്ചു. ഇതിനായി, ഇസ്രായേല്‍, ലെബനന്‍ പ്രതിനിധികള്‍ ജൂണ്‍ 22-ന് വീണ്ടും യോഗം ചേരും.

ലെബനീസ് സൈന്യത്തിന് നിയന്ത്രണം നല്‍കുന്ന 'പൈലറ്റ് സോണുകള്‍' രൂപീകരിക്കും. എല്ലാ സര്‍ക്കാറിതര ശക്തികളെയും ഈ പൈലറ്റ് മേഖലകളില്‍ വിലക്കും. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നുള്ള വെടിവയ്പ്പ് പൂര്‍ണ്ണമായി നിര്‍ത്തുക, തെക്കന്‍ ലിറ്റാനി സെക്ടറില്‍ നിന്ന് എല്ലാ ഹിസ്ബുള്ള പ്രവര്‍ത്തകരെയും ഒഴിപ്പിക്കുക എന്നീ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വെടിനിര്‍ത്തല്‍ കരാറെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇസ്രായേലും ലെബനനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഇരു സര്‍ക്കാരുകളുമാണെന്ന് പ്രസ്താവന വ്യക്തമാക്കി.

ലെബനനിലെ ഇസ്രായേല്‍ ആക്രമണം

ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ ആക്രമണം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷം, മാര്‍ച്ച് 1-ന് ഇറാനെ പിന്തുണച്ച് ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ, ഇസ്രായേല്‍ ലെബനെതിരെ ആക്രമണം ആരംഭിച്ചു. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലും പരിസരങ്ങളിലും ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങളിലും ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ഇതിനുപിന്നാലെ, ഇസ്രായേല്‍ കരസൈന്യം തെക്കന്‍ ലെബനനിലേക്ക് മുന്നേറുകയും ലെബനന്‍ ഭൂമി പിടിച്ചടക്കുകയും ചെയ്തു. ഇറാനില്‍ അമേരിക്ക ആക്രമണം തുടരുമ്പോഴും ഇസ്രായേല്‍ ലെബനനെതിരെ ആക്രമണം തുടരുകയായിരുന്നു. ഇതിനകം 3,200-ലധികം ലെബനന്‍ പൗരന്മാരും 30 ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടതായാണ് ഇരു രാജ്യങ്ങളും നല്‍കുന്ന വിവരം.

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളിലെ പ്രധാന തടസ്സം ഇസ്രായേലിന്റെ ലെബനന്‍ ആക്രമണമായിരുന്നു. ആക്രമണം നിര്‍ത്താതെ സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോവില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് കടുത്ത ഭാഷയില്‍ ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥര്‍ വഴി ഹിസ്ബുല്ലയോടും വെടിനിര്‍ത്തല്‍ കാര്യം ചര്‍ച്ച ചെയ്തതായും അവര്‍ സമ്മതിക്കുകയും ചെയ്തതായി ട്രംപ് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. ട്രംപിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം ലെബനന്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തു. അതിനിടയിലാണ്, ഇന്നലെ, ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തുവന്നത്.

ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകളെ പ്രതിസന്ധിയിലാഴ്ത്തിയപ്പോഴാണ് അമേരിക്ക അക്കാര്യത്തില്‍ ഇടപെട്ടത്. സമാധാന കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. ലെബനനില്‍ വെടിനിര്‍ത്താനുള്ള വ്യവസ്ഥകളോടെ ഇറാന്‍-യുഎസ് കരാര്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ഹിസ്ബുല്ല നേതാവ് നയീം ഖാസിം ഈയിടെ പറഞ്ഞിരുന്നു, എന്നാല്‍ ഇസ്രായേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

പാഴായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

കഴിഞ്ഞ മാസം യു.എസ് മധ്യസ്ഥതയില്‍ ലെബനനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു, എന്നാല്‍ സംഘര്‍ഷം തുടര്‍ന്നു. ഇസ്രായേലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടര്‍ന്നു. ഇത് കരാറിനെ പ്രതിസന്ധിയിലാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ലയ്ക്കെതിരെ ഇപ്പോഴും കടുത്ത നിലപാട് തുടരുകയുമാണ്. ഹിസ്ബുല്ലയുമായി യുദ്ധത്തിലാണെന്നും ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും കഴിഞ്ഞ മാസം നെതന്യാഹു പറഞ്ഞിരുന്നു. ഹിസ്ബുല്ല ആവട്ടെ, ഇസ്രായേല്‍ സൈന്യത്തിനെതിരെ ഡ്രോണ്‍ ആക്രമണം തുടരുകയും ചെയ്തു. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ട് ബോംബിട്ട് തകര്‍ക്കുമെന്ന് നെതന്യാഹു കഴിഞ്ഞ ആഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ലെബനീസ് പ്രശ്‌നത്തില്‍ തീരുമാനമായില്ലെങ്കില്‍ യു.എസുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ അവസ്ഥ മാറി. ലെബനനിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. നെതന്യാഹുവിനെ ഫോണില്‍ വിളിച്ച്, ട്രംപ് അസഭ്യം പറയുകയും ആക്രമണം അവസാനിപ്പിക്കാന്‍ ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയും ചെയ്തതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം പിന്നീട് ട്രംപും സ്ഥിരീകരിച്ചു.