ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് എതിർപ്പുയരുമ്പോഴും ഇന്ത്യയിൽ നിന്ന് ഇസ്രയേലിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ദില്ലി : ഇന്ത്യയെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിൽ നിന്നും ഇസ്രയേലിനെതിരെ എതിർപ്പുയരുമ്പോഴും ഇന്ത്യയിൽ അതില്ലെന്നും മറ്റെവിടെ നിന്നുള്ളതിനേക്കാളും കൂടുതൽ പേർ ഇന്ത്യയിൽ നിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവേയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
‘’ഇന്ത്യയിൽ ഇസ്രായേലിന് വലിയൊരു പിന്തുണയുണ്ട്. മറ്റെവിടെയേക്കാളും കൂടുതൽ അനുയായികൾ ഇന്ത്യയിൽ നിന്നാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ജനങ്ങള്‍ ഇസ്രായേലിനോട് കാണിക്കുന്ന സ്‌നേഹം അചഞ്ചലമാണെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ തന്റെ ജനപ്രീതിയെക്കുറിച്ച് നെതന്യാഹു പറയുന്നത് ഇതാദ്യമല്ല. 2018-ൽ ഭാര്യ സാറയോടൊപ്പം ഇന്ത്യ സന്ദർശിച്ചതിനെ അദ്ദേഹം സ്നേഹോത്സവം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
അമേരിക്കക്കാർക്കിടയിൽ, പ്രത്യേകിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ജനപ്രീതി കുറയുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഇന്ത്യൻ പിന്തുണ പരാമർശം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ പുറത്തുവന്ന ഏറ്റവും പുതിയ പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം, 60% യു.എസ് മുതിർന്ന പൗരന്മാരും ഇസ്രായേലിനോട് അനുകൂലമല്ല. കഴിഞ്ഞ വർഷം ഇത് 53% ആയിരുന്നു. പകുതിയിലധികം യു.എസ് മുതിർന്ന പൗരന്മാർക്കും (59%) ആഗോള കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നെതന്യാഹുവിന് കഴിയുമെന്ന കാര്യത്തിൽ ഒട്ടും തന്നെ വിശ്വാസമില്ല. കഴിഞ്ഞ വർഷം ഇത് 52% ആയിരുന്നു. തന്റെ ജനപ്രീതിയിലുണ്ടായ ഈ ഇടിവിന് നെതന്യാഹു പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തിയത്.
യു.എസിലെ പൊതുജനാഭിപ്രായത്തിൽ ഇസ്രായേൽ വിരുദ്ധ വികാരം വളർത്തുന്നതിനായി പാകിസ്ഥാൻ സോഷ്യൽ മീഡിയ ബോട്ട് ഫാമുകൾ ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അമേരിക്ക-ഇസ്രായേൽ സഖ്യത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ബോട്ട് ഫാമുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കൃത്രിമത്വം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


