വീണ്ടും യുദ്ധഭൂമിയായി ഗാസ; ഇസ്രയേലിന്‍റെ ആക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു, 600ലേറെ പേർക്ക് പരിക്ക്
ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്.

ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു. 600ലേറെ പേർക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഹമാസിന്‍റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.
റംസാൻ മാസത്തിലെ പുലർകാലം. ഗാസയിലെ ജനങ്ങൾ വ്രതം തുടങ്ങും മുൻപ് ഭക്ഷണം കഴിയ്ക്കാൻ ഉണർന്ന നേരത്ത് ആകാശത്തു നിന്ന് ബോംബ് വർഷം. ജനവാസ മേഖലകളെ ഉന്നമിട്ട് 20 ഇസ്രയേലി യുദ്ധ വിമാനങ്ങൾ എത്തി. ഗാസ സിറ്റി, റഫ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഒരേ സമയം ആക്രമണം. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും ഹമാസ് നേതാവുമായ മഹ്മൂദ് അബു വഫായും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.
യുദ്ധം വീണ്ടും തുടങ്ങുകയാണെന്ന് അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ഖാൻ യൂനിസിൽ ഇസ്രായേലി ടാങ്കുകൾ കരയാക്രമണവും തുടങ്ങിയിട്ടുണ്ട്.
ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വടക്കൻ ഗാസ, ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടനം നടന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിർദേശങ്ങൾ നിരസിച്ചതിനാലുമാണ് ആക്രണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.
നേരത്തെ ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിലേക്കുള്ള ട്രക്കുകൾ തടയപ്പെട്ടു. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ഇന്ധന വിതരണവും തടഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ (യുഎൻഎച്ച്ആർസി) റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.
ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി വിതരണം എത്രയും പെട്ടെന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളെത്തിയിട്ട് 12 ദിവസം പിന്നിട്ടും, കൊടും പട്ടിണിയിലേക്കോ ഗാസ, മയമില്ലാതെ ഇസ്രായേൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
