ഉഗ്രസ്‌ഫോടനമാണ് ദോഹയിൽ നടന്നത്. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിസൈൽ ആക്രമണമാണ് നടന്നതെന്ന് ഖത്തറിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് അറിയിക്കുന്നത്. എന്നാല്‍, കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒക്ടോബർ 7 ലെ ആക്രമണം നടപ്പാക്കിയതും ഇസ്രായേലിനെതിരായ യുദ്ധം നിയന്ത്രിക്കുന്നതും ഇന്ന് ആക്രമിക്കപ്പെട്ട ഹമാസ് നേതാക്കളാണ് എന്നാണ് ഇസ്രായേൽ വാദിക്കുന്നത്. 

അതേസമയം, ഇസ്രയേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. മധ്യസ്ഥശ്രമങ്ങൾ നിർത്തിവച്ചുവെന്നും ഖത്തർ അറിയിച്ചു. അതിനിടെ, ഖത്തറിന് പൂർണ ഐക്യദാർഢ്യം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രി രംഗത്തെത്തി. പൂർണമായും ഇസ്രായേൽ നടപ്പാക്കിയ ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു. അക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ‘തങ്ങൾ ആലോചിച്ചു, തങ്ങൾ നടപ്പാക്കി’ എന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിക്കുന്നത്. അമേരിക്കയെ അറിയിച്ച ശേഷമെന്ന് ആക്രമണം നടത്തിയതെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Scroll to load tweet…

updating...

YouTube video player