80 വയസുകാരനായ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബൈഡൻ പൊതു വേദിയിൽ തെന്നി വീഴുന്നത്.

ന്യൂയോര്‍ക്ക്: പൊതുവേദിയിൽ തെന്നി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എയർ ഫോഴ്സ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് വേദിയിൽ കാൽ കുരുങ്ങി വീണത്. ജോ ബൈഡന് പരിക്കില്ലെന്നും ആരോഗ്യ നില സുരക്ഷിതമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 80 വയസുകാരനായ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബൈഡൻ പൊതു വേദിയിൽ തെന്നി വീഴുന്നത്.

എയര്‍ഫോഴ്സ് കേഡറ്റുമാരിലെ അവസാനത്തെ ആള്‍ക്ക് ബിരുദം നല്‍കിയതിന് പിന്നാലെയായിരുന്നു വീഴ്ച. വീഴ്ചയ്ക്ക് ശേഷവും ചടങ്ങ് തീരും വരെ നില്‍ക്കാന്‍ ജോ ബൈഡന് ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ലെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ വിശദമാക്കുന്നത്. പെട്ടന്നുള്ള വീഴ്ചയില്‍ അടുത്തുണ്ടായിരുന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ബൈഡനെ എഴുന്നേല്‍പ്പിച്ചത്. വേദിയിലുണ്ടായിരുന്ന ചെറുബാഗില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നാണ് സൂചനകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ഈ ബാഗ് വേദിയില്‍ ഉണ്ടായിരുന്നെന്നാണ് വൈറ്റ് ഹൌസും വിശദമാക്കുന്നത്. എന്നാല്‍ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബൈഡന്‍റെ പൊതുവേദിയിലെ വീഴ്ചയെ രാഷ്ട്രീയ എതിരാളികള്‍ ശക്തമായ ആയുധമായാണ് ഉപയോഗിക്കുന്നത്.

Scroll to load tweet…

80കാരനായ ബൈഡന്‍റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ആശങ്കയുണ്ടെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ഡെലാവേറിലെ കേപ് ഹെന്‍ലോപെന്‍ സ്റ്റേറ്റ് പാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരെ അഭിവാന്ദ്യം ചെയ്ത് മടങ്ങുന്നതിനിടയില്‍ ബൈഡന്‍ നിലത്ത് വീണിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന ഒരു രഹസ്യ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് ബൈഡനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്. അടുത്തിടെ നടന്ന പോളില്‍ ഭൂരിഭാഗം വോട്ടര്‍മാരും ബൈഡന്‍റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ആശങ്കയുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. 78ാം വയസില്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്‍റ് എന്ന അടയാളപ്പെടുത്തലോടെയാണ് ബൈഡന്‍ അധികാരമേറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം