സൗദി അറേബ്യയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി ഫസിലുദ്ധീൻ (50) മരിച്ചു. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കിളിമാനൂരിന് സമീപം പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് തെക്കൻ സൗദിയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച ജോലിസ്ഥലമായ ബീഷയിൽ വെച്ച് പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ബീഷ ജനറൽ ആശുപത്രിയിലും പിന്നീട് അസീർ സെൻട്രൽ ആശുപത്രിയിലും എത്തിച്ചു.

സർജറി അടക്കമുള്ള ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 23 വർഷമായി സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ കീഴിൽ ജീവനക്കാരനായിരുന്നു. ഈ വർഷം ഏപ്രിലിലാണ് അവസാനമായി നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിവന്നത്. കടയ്ക്കൽ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ കടയിൽ സലീമിെൻറ മകളുടെ ഭർത്താവാണ് മരിച്ച ഫസിലുദ്ധീൻ. ഭാര്യ: സുമിന, മക്കൾ: ഫയിഹ ഫാത്തിമ, ഫർസാൻ മുഹമ്മദ്.