അമേരിക്കയിലെ ജോർജിയയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി യുവാവ് ഡേവ് ഫിജിയുടെ സംസ്കാരം നടന്നു. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഭാര്യ ജെസ്നി, ഭർത്താവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് ഏവരെയും കണ്ണീരിലാഴ്ത്തി.

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ ദാരുണമായി മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ചാണ് വേക്ക് സർവീസ് നടന്നത്. തുടർന്ന് ശനിയാഴ്ച സംസ്കാര ശുശ്രൂഷകൾ നടത്തിയ ശേഷം ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കയിലെ മലയാളി സമൂഹവും ഉൾപ്പെടെ വൻ ജനവലിയാണ് ഡേവിന് അവസാനമായി വിട നൽകാൻ എത്തിയത്. ജോർജിയയിലെ ഡോസൺ കൗണ്ടിക്ക് സമീപമുള്ള വനമേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് പൈലറ്റായ നിഖിൽ നർഗുണ്ട്കറാണ്. അപകടത്തിൽ മലയാളി യുവാവായ ഡേവ് ഫിജിയും പൈലറ്റ് നിഖിൽ നർഗുണ്ട്കറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. വിവാഹിതരായ പുതുദമ്പതികളായ ഡേവും ഭാര്യ ജെസ്നി ഫിജിയും ഈ ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ ഡേവ് മരണപ്പെട്ടപ്പോൾ, കൂടെയുണ്ടായിരുന്ന ജെസ്നിക്ക് ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെകയായിരുന്നു.

പരിക്കുകളോടെ ഭർത്താവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി, ഡേവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ വേദിയിൽ പങ്കുവെച്ചത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. വലിയ പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഉടൻ തന്നെയുണ്ടായ ഡേവിന്റെ അകാല വിയോഗം ജോർജിയയിലെ മലയാളി സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.