യുഎഇയിലെ അബുദാബിയിൽ കുടുങ്ങിയ നിരവധി യുവതികള്‍ ശ്രീലങ്കയിലെ ഒരു സെലിബ്രിറ്റി ദമ്പതികളെ ബന്ധപ്പെടുകയും സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇവര്‍ മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൊളംബോ:  മിഡിൽ ഈസ്റ്റിലേക്ക് ശ്രീലങ്കൻ യുവതികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലേക്ക് മടങ്ങിവരവേയാണ് ഇയാളെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. ഒമാനിലേക്കും ദുബായിലേക്കും ശ്രീലങ്കൻ യുവതികളെ കടത്തിയ സംഭവത്തിൽ 44 കാരനായ ഇയാൾക്ക് ബന്ധമുണ്ട് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു.

യുഎഇയിലെ അബുദാബിയിൽ കുടുങ്ങിയ നിരവധി യുവതികള്‍ ശ്രീലങ്കയിലെ ഒരു സെലിബ്രിറ്റി ദമ്പതികളെ ബന്ധപ്പെടുകയും സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇവര്‍ മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിദേശ തൊഴിൽ പ്രതീക്ഷിച്ച് വിസിറ്റ് വിസ ഉപയോഗിച്ച് അബുദാബിയിലെത്തിയ 17 ശ്രീലങ്കൻ പൗരന്മാർ ഉൾപ്പെട്ട സംഭവം അടുത്തിടെ മാധ്യമങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. ഇത് അബുദാബിയിലെ ശ്രീലങ്കൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടുകയും അതിന്‍റെ അടിസ്ഥാനത്തില്‍ എംബസി അധികൃതരും യുഎഇ പൊലീസ് അധികൃതരും സ്ഥലം സന്ദർശിച്ച് 17 ശ്രീലങ്കന്‍ പൗരന്മാരെ കണ്ടെത്തുകയുമായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് പരാതികളില്ലെന്നായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍, കൂട്ടത്തിലുള്ള ഒരാള്‍ നാട്ടിലേക്ക് പോകാന്‍ വിസമ്മതിക്കുകയും ഇയാളെ നിര്‍ബന്ധപൂര്‍വ്വം ശ്രീലങ്കയിലേക്ക് അയക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ 2022 നവംബർ 15 ന്, ശരിയായ നിയമ, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിക്കാനുള്ള എംബസിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ചിലര്‍ ഒമാനിലേക്ക് കടന്നതായി ശ്രദ്ധയില്‍പ്പട്ടെന്ന് അബുദാബിയിലെ ശ്രീലങ്കൻ എംബസി അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് യുഎഇയിലെയും ഒമാനിലെയും ശ്രീലങ്കൻ എംബസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ശ്രീലങ്കക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എംബസി അറിയിച്ചു.