ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്നം പരിഹരിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജറുസലേം: ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്നം പരിഹരിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനും ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അംബാസഡർ ജെ പി സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹുവിന്‍റെ ഈ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇതിൽ സുരക്ഷ, സാമ്പത്തിക വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് വർദ്ധിപ്പിച്ചിരുന്നു. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായാണ് താരിഫ് വർദ്ധിപ്പിച്ചത്. ജൂലൈ 30ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും 25 ശതമാനം വർദ്ധിപ്പിച്ചത്. ഓഗസ്റ്റ് ഏഴ് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ താരിഫിന് പുറമെ, 21 ദിവസത്തിന് ശേഷം അതായത് ഓഗസ്റ്റ് 27 മുതൽ അധിക താരിഫും പ്രാബല്യത്തിൽ വരും. ട്രംപിന്റെ ഈ നടപടിക്ക് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകി. ഈ നടപടികൾ അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് എന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.


