ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കം തിരിച്ചടിച്ചതായി വിലയിരുത്തൽ. മുൻപത്തേക്കാൾ തീവ്രമായ പുതിയ ഭരണകൂടം ഇസ്രായേലിന് വലിയ ഭീഷണിയാണെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകുന്നു. സംഘർഷം ലഘൂകരിക്കാൻ സമാധാന ചർച്ചകൾ നടക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുകയാണ്.

ജറുസലേം: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സൈനിക നീക്കത്തിലൂടെ വധിച്ച ഇസ്രായേലിനും അമേരിക്കയ്ക്കും കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നുവെന്ന് വിലയിരുത്തൽ. ഇറാനിൽ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപത്തേക്കാൾ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തന്നെ ഇസ്രായേൽ പാർലമെന്‍റിന് മുന്നറിയിപ്പ് നൽകി. നിലവിലെ ഭരണനേതൃത്വം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) കടുത്ത പ്രത്യയശാസ്ത്ര വാശിയുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് ഇസ്രായേലിന്‍റെ നിലനിൽപ്പിന് തന്നെ വലിയ വെല്ലുവിളിയാണെന്നുമാണ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നാൽപത് ദിവസത്തിലേറെയായി തുടരുന്ന യുദ്ധം ആഗോളതലത്തിൽ ഇന്ധന-പെട്രോകെമിക്കൽ മേഖലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ സൈനിക ആസ്തികൾ നഷ്ടപ്പെടുകയും അതീവ അപകടകരമായ സാഹചര്യത്തിൽ രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു. ഇത്രയധികം നാശനഷ്ടങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷവും ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്ന വിലയിരുത്തൽ പാശ്ചാത്യ ശക്തികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എണ്ണായിരത്തിലധികം വ്യോമാക്രമണങ്ങൾ ഇറാനിൽ നടത്തിയതായാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

സമാധാന ചര്‍ച്ച

അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചർച്ചകളിൽ പങ്കെടുക്കും. ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചർച്ചകളിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. എന്നാൽ ഇറാനിൽ ഇസ്രായേലിന് ഇനിയും 'പൂർത്തിയാകാത്ത ദൗത്യങ്ങൾ' ഉണ്ടെന്ന നിലപാട് മേഖലയിൽ വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തുന്നുണ്ട്.