ജാപ്പനീസ് പോപ് താരത്തിൽ എലോൺ മസ്കിന് ഒരു കുഞ്ഞുണ്ടെന്നും തന്റെ ബീജം ആവശ്യമുള്ളവർക്ക് നൽകാറുണ്ടെന്നും മുൻ കാമുകി വെളിപ്പെടുത്തി.
വാഷിംഗ്ടൺ: എലോൺ മസ്ക് ഒരു ജാപ്പനീസ് പോപ് താരത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും തന്റെ ബീജം ആവശ്യമുള്ള ആർക്കും നൽകാറുണ്ടെന്നും മുൻ കാമുകിയോട് വെളിപ്പെടുത്തിയതായും റിപ്പോർട്ട്. ശതകോടീശ്വരന്റെ ട്രംപ് ഭരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ള ഒരു വിശദമായ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. എലോൺ മസ്കിന്റെയും തന്റെയും മകനാണ് റോമുലസ് എന്ന് അവകാശവാദം ഉന്നയിച്ച ആഷ്‌ലി സെയിന്റ് ക്ലെയറിന്റെ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
തനിക്ക് ലോകമെമ്പാടും കുട്ടികളുണ്ടെന്നും, അതിലൊന്ന് ഒരു ജാപ്പനീസ് പോപ് താരത്തിലാണെന്നും മസ്ക് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കടുത്ത ആശങ്കയുണ്ടെന്നും, തന്റെ ബീജം ചോദിച്ചവർക്ക് നൽകിയിട്ടുണ്ടെന്നും, എന്നാൽ ആ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയില്ലെന്നും സെയിന്റ് ക്ലെയർ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതൊക്കെ അദ്ദേഹത്തിന്റെ മനുഷ്യസ്നേഹമാണെന്ന് തനിക്ക് തോന്നി, ചില ആളുകളിൽ കുട്ടികൾ ഉണ്ടാകണമെന്ന് അദ്ദേഹം പൊതുവെ വിശ്വസിച്ചിരുന്നുവെന്നും" സെയിന്റ് ക്ലെയർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
കനേഡിയൻ സംഗീതജ്ഞയായ ഗ്രൈംസും, അദ്ദേഹത്തിന്റെ ബ്രെയിൻ-കമ്പ്യൂട്ടർ കമ്പനിയായ ന്യൂറാലിങ്കിന്റെ എക്സിക്യൂട്ടീവായ ശിവോൺ സിലിസും ഉൾപ്പെടെ നാല് വ്യത്യസ്ത സ്ത്രീകളിൽ മസ്കിന് കുറഞ്ഞത് 14 കുട്ടികളെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രിലിൽ വാൾ സ്ട്രീറ്റ് ജേണലിൽ വന്ന ഈ റിപ്പോർട്ടിനെ തുടർന്നാണ് ഏറ്റവും പുതിയ ന്യൂയോർക്ക് ടൈംസ് ലേഖനം വന്നത്. മസ്കിന്റെ യഥാർത്ഥ കുട്ടികളുടെ എണ്ണം പരസ്യമായി അറിയുന്നതിനേക്കാൾ വളരെ കൂടുതലാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജാപ്പനീസ് ഉദ്യോഗസ്ഥർ ഒരു പ്രമുഖ വനിതയ്ക്ക് ബീജം ദാനം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് മസ്ക് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. "അവർക്ക് ഞാൻ ബീജദാതാവാകണം. പ്രണയമോ മറ്റോ ഒന്നുമില്ല, വെറും ബീജം മാത്രം" എന്ന് സെയിന്റ് ക്ലെയറിന് അയച്ച ടെക്സ്റ്റ് മെസ്സേജിൽ പറയുന്നതായി ഇനഡിപെൻഡൻഡ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താൻ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകി. എന്നാൽ അപ്രത്യക്ഷമാകുന്ന സിഗ്നൽ സന്ദേശങ്ങളിലൂടെ, തന്റെ പിതൃത്വവും പരസ്പര ബന്ധവും രഹസ്യമായി സൂക്ഷിക്കാൻ മസ്ക് പറഞ്ഞുവെന്നും സെയിന്റ് ക്ലെയർ ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ അവകാശപ്പെട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഇരുവരും മാർ-എ-ലാഗോയിൽ പോയ സമയത്ത് തനിക്ക് മസ്കിനെ അറിയാത്തത് പോലെ നടിക്കേണ്ടി വന്നുവെന്നും അവർ പറഞ്ഞു.


