Asianet News MalayalamAsianet News Malayalam

യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല, ഫാമിലി വിസയ്ക്ക് ശമ്പളപരിധി കൂട്ടി

കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്. കെയറര്‍ വിസിയുള്ളവര്‍ക്ക് ആശ്രിതരെ കൊണ്ടുവരാനാവില്ല.

No dependent visas for health carers salary threshold increased for family visas new visa rules introduced afe
Author
First Published Dec 5, 2023, 11:38 AM IST

ലണ്ടന്‍: കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 
ഇന്ത്യയിൽ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി.

രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു. വിദേശികള്‍ക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ഇതിലെ നിര്‍ദേശങ്ങള്‍ എല്ലാം.

കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടുംബാംഗങ്ങളെ ആശ്രിത വിസയില്‍ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി വര്‍ദ്ധിപ്പിച്ചു.  ഫാമിലി വിസ കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. നിലവില്‍ അവര്‍ക്ക് 18,600 പൗണ്ടാണ് വേണ്ടിയിരുന്നത്. പുതിയ തീരുമാനങ്ങളും ഒപ്പം വിദ്യാര്‍ത്ഥികളുടെ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കൂടിയാവുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷങ്ങളില്‍ യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം പേരുടെ കുറവ് വരുമെന്ന് ഹോം സെക്രട്ടറി അവകാശപ്പെട്ടു. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തി യുകെയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആശ്രിതരുടെ കാര്യത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗവേഷണ സ്വഭാവമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കുടുംബാംഗങ്ങളെക്കൂടി യുകെയിലേക്ക് കൊണ്ടുവരാന്‍ വിസ ലഭിക്കൂ. നിലവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുകെയിലെ വിദേശികളില്‍ വിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവരിലും, മെഡിക്കല്‍ പ്രൊഫഷണലുകളിലും വിദ്യാര്‍ത്ഥികളിലുമെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നതും ഇന്ത്യക്കാരെ തന്നെയായിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios