ലോകത്ത് സ്വന്തം ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഭക്ഷണവും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരേയൊരു രാജ്യം ഗയാനയാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.
ജോര്‍ജ്ജ്ടൗൺ: സാമൂഹിക അനീതി, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന ഭക്ഷ്യ ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളുമായി ലോകം മല്ലിടുമ്പോൾ, ആരെയും അമ്പരപ്പിക്കുന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ലോകത്ത് സ്വന്തം ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഭക്ഷണവും ഇറക്കുമതിയെ ആശ്രയിക്കാതെ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരേയൊരു രാജ്യം മാത്രമേയുള്ളൂ എന്നതാണ് ഈ കണ്ടെത്തൽ. 'നേച്ചർ ഫുഡ്' എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും 'സയൻസ് ഫോക്കസ്' ഹൈലൈറ്റ് ചെയ്യുകയും ചെയ്ത പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്.
പഠനം നടത്തിയ 186 രാജ്യങ്ങളിൽ, ഗയാനയ്ക്ക് മാത്രമാണ് ഏഴ് പ്രധാന ഭക്ഷ്യവസ്തുക്കളിലും സ്വയംപര്യാപ്തത നേടാൻ കഴിയുന്നത്. പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, മാംസം, അന്നജം അടങ്ങിയ പ്രധാന ഭക്ഷണങ്ങളുടെ കാര്യത്തിൽ ഇവര്‍ സ്വയം പര്യാപ്തരാണെന്ന് പഠനം വ്യക്തമാക്കുന്നു. ആഗോള ഭക്ഷ്യ ശൃംഖല ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധരുടെ വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെയാണ് ഗയാനയുടെ അപൂര്‍വ്വ നേട്ടമെന്നതും ശ്രദ്ധേയമാണ്. വ്യാപാര യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ തുടങ്ങിയ ആഘാതങ്ങൾ ഏത് രാജ്യത്തെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള സാഹചര്യമുണ്ട്.
എന്നാൽ ഇത്തരം പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിവുള്ള രാജ്യമായി ഗയാന നിലകൊള്ളുന്നു. വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങൾ പോലും ഏഴിൽ ആറ് ഭക്ഷ്യ വിഭാഗങ്ങളിൽ മാത്രമാണ് സ്വയംപര്യാപ്തത നിലനിര്‍ത്താൻ സാധിക്കുന്നത്. എന്നാൽ ഗയാനയ്ക്ക് ഏഴിൽ ഏഴിനും അത് സാധിക്കുന്നുണ്ട്. ഈ പഠനത്തിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ പകുതിയിൽ താഴെ രാജ്യങ്ങൾക്ക് മാത്രമേ ആവശ്യത്തിന് സസ്യഭക്ഷണ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ, കൂടാതെ 25 ശതമാനം രാജ്യങ്ങൾക്ക് മാത്രമേ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കുള്ള പച്ചക്കറികളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നുള്ളൂ എന്നതാണ് ഞെട്ടിക്കുന്ന വസ്തുതയെന്നും പഠനം പറയുന്നു.
അതേസമയം, യൂറോപ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ പൊതുവെ മികച്ച പ്രകടനം കാഴ്ചവെക്കുകയും "സ്വയംപര്യാപ്തതയിലേക്ക്" അടുക്കുകയും ചെയ്യുന്നതായും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. മറുവശത്ത്, അറേബ്യൻ ഉപദ്വീപിലെ ചെറിയ ദ്വീപ് രാജ്യങ്ങളും മറ്റ് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. യുഎഇ, ഇറാഖ്, ഖത്തർ, യെമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു ഭക്ഷ്യ വിഭാഗത്തിലും ആവശ്യമായ ഉത്പാദനം നടത്താൻ കഴിയുന്നില്ല.
'ഭക്ഷണോൽപാദനത്തിലെ സ്വയംപര്യാപ്തത കുറവ് അടിസ്ഥാനപരമായി മോശം കാര്യമല്ല. ഒരു രാജ്യത്തിന് ഭൂരിഭാഗം ഭക്ഷണവും ഉത്പാദിപ്പിക്കാൻ കഴിയാത്തതിന് സാധുവായ കാരണങ്ങളുണ്ട്' എന്നും പഠനം നടത്തിയവരിലെ പ്രധാനിയായ ഡോ. ജോനാസ് സ്റ്റെൽ ബിബിസി സയൻസ് ഫോക്കസിനോട് പറഞ്ഞു. 'എന്നാൽ, കുറഞ്ഞ സ്വയംപര്യാപ്തത വരൾച്ച, യുദ്ധങ്ങൾ, കയറ്റുമതി നിരോധനം തുടങ്ങിയ ആഗോള ഭക്ഷ്യ വിതരണ ആഘാതങ്ങളോട് പ്രതികരിക്കാനുള്ള ഒരു രാജ്യത്തിന്റെ കഴിവ് പരിമിതപ്പെടുത്തുമെന്നും സ്റ്റെൽ കൂട്ടിച്ചേർത്തു.