ന്യൂയോർക്ക് സിറ്റി മേയറായ സൊഹ്‌റാൻ മംദാനി, തൻ്റെ വാടകവീട്ടിൽ നിന്ന് ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് താമസം മാറുന്നു. കുടുംബത്തിൻ്റെ സുരക്ഷയും മേയറെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു
ന്യൂയോർക്: ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി, തൻ്റെ വാടകവീട്ടിൽ നിന്ന് താമസം മാറ്റുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്ക് നഗരത്തിലെ മിക്ക മേയർമാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്കാണ് താമസം മാറുന്നത്. കുടുംബത്തിന്റെ സുരക്ഷയും മേയർ എന്ന നിലയിൽ തൻ്റെ മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രതികരിച്ചു.
ആസ്റ്റോറിയയിലെ അയൽവാസികളായവർക്ക് നന്ദി പറഞ്ഞാണ് താമസം മാറുമെന്ന പ്രഖ്യാപനം. മംദാനിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ന്യൂയോർക്ക് നഗരവുമായി ബന്ധപ്പെട്ട പാർപ്പിട നയം. ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ മംദാനി, വാടകവീട്ടിൽ താമസിച്ച് വാടക ഇല്ലാതാക്കുമെന്ന പ്രസ്താവന നടത്തുന്നതിനെതിരെ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെ പലരും രംഗത്തെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ മംദാനിയുടെ വാടകവീടിനെ ചർച്ചകളിലേക്ക് എത്തിച്ചു.
ജനുവരി 1 ന് മംദാനി കുടുംബത്തോടൊപ്പം ഗ്രേസി മാൻഷനിലേക്ക് താമസം മാറുമെന്നാണ് വിവരം. 1799 ൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. ന്യൂയോർക്ക് നഗരത്തിലെ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്മെൻ്റിന് ശരാശരി 3,500 ഡോളറാണ് വാടക. എന്നാൽ മംദാനി 2,300 ഡോളറാണ് താൻ താമസിക്കുന്ന ഫ്ലാറ്റിന് നൽകിയിരുന്നത്.


