ഒമാനിലെ ഫഹൽ തുറമുഖത്ത് സ്ഫോടനം നടന്നെന്ന റിപ്പോർട്ടുകൾക്കിടയിലും പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി അറിയിച്ചു. അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു.
മസ്കറ്റ്: ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി. തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.
കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എസ്‌ബിഎം 1, എസ്‌ബിഎം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കുവൈത്തിലെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്‍റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.


