അമേരിക്കയിലെ ഒറിഗോണിലുള്ള പ്രൈമറി സ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ 16-കാരനെ ദൃക്സാക്ഷി വെടിവെച്ചു കൊന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മറ്റ് വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ഒറിഗോൺ: അമേരിക്കയിൽ പ്രൈമറി സ്കൂളിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു. ഒറിഗോണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. 16-വയസുകാരനായ അക്രമിയും കൊല്ലപ്പെട്ടു. മരിച്ച കുട്ടികൾ 5, 8, 11 വയസ് പ്രായമുള്ളവരാണ്. ഒരു അധ്യാപകനും കൊല്ലപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള കുട്ടിയെയും 54 വയസുള്ള അധ്യാപകനെയും ബെൻഡിലെ സെന്റ് ചാൾസ് മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അക്രമിയുടെ പേര് പൊലീസ് പുറത്തുവിട്ടില്ല. ആക്രമണ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അക്രമി തൊട്ടടുത്തുള്ള ഒറു കെട്ടിടത്തിലേക്ക് ഓടി. ഇവിടെ വെച്ചാണ് ആക്രമണത്തിൻ്റെ ദൃക്സാക്ഷിയായ മറ്റൊരാൾ അക്രമിയെ സ്വന്തം തോക്കുപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥികളെയും അധ്യാപകരെയും തൊട്ടടുത്ത പള്ളിയിലേക്ക് മാറ്റി. സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. 450 വിദ്യാർത്ഥികളും 40 ജീവനക്കാരുമാണ് സ്കൂളിലുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട കുട്ടികളുടെയും അധ്യാപകൻ്റെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


