ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍റെ പ്രളയറിപ്പോര്‍ട്ടിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്നാണ് അസദര്‍ ഹുസൈന്‍ എന്ന പാക് മാധ്യമപ്രവര്‍ത്തകന്‍റെ റിപ്പോര്‍ട്ടിംഗ്. ന്യൂസ് ചാനലായ ജി ടിവിയുടെ റിപ്പോര്‍ട്ടറാണ് അദ്ദേഹം. 

കോട്ട് ചട്ട ഭാഗത്തുണ്ടായ പ്രളയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അസദര്‍. ആറ് ദിവസം തുടര്‍ച്ചയായി പെയ്ത മഴ പ്രളയത്തിന് വഴിമാറിയപ്പോള്‍ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന്‍റെ ആഴം ആളുകളിലേക്കെത്തിക്കാനായിരുന്നു അസദറിന്‍റെ ശ്രമം. 

ജി ടിവിയുടെ യുട്യൂബ് ചാനല്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അസദിറിന്‍റെ കയ്യിലുള്ള ചാനല്‍ മൈക്കും അദ്ദേഹത്തിന്‍റെ തലയും മാത്രമേ വീഡിയോയില്‍ കാണാനാകൂ. ബാക്കി ഭാഗമെല്ലാം വെള്ളത്തിനടിയിലാണ്. 

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അസദറിനെ പ്രശംസിച്ച് രംഗത്തെത്തിയത്.എന്നാല്‍ ചിലര്‍ ചാനലിനെ വിമര്‍ശിച്ചും രംഗത്തെത്തി. മനപ്പൂര്‍വ്വം റിപ്പോര്‍ർട്ടറെ അപകടത്തിലേക്ക് തള്ളിയിടുകയാണ് ചാനലെന്ന് ചിലര്‍ ആക്ഷേപിച്ചു. ഈ മാസം പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേരാണ് പാകിസ്ഥാനില്‍ മരിച്ചതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.